LiveTV

Live

Saudi Arabia

ജി.സി.സി ഉച്ചകോടി നാളെ; ഖത്തറിനും സൗദിയുടെ ക്ഷണം

മൂന്നു വര്‍ഷം മുമ്പാണ് വിവിധ വിഷയങ്ങളുന്നയിച്ച് നാലു രാഷ്ട്രങ്ങള്‍ ഖത്തറിന് മേല്‍ ഉപരോധമേര്‍പ്പെടുത്തിയത്.

ജി.സി.സി ഉച്ചകോടി നാളെ; ഖത്തറിനും സൗദിയുടെ ക്ഷണം

ഖത്തര്‍ - സൌദി പ്രശ്നങ്ങളില്‍ സുപ്രധാന തീരുമാനം പ്രതീക്ഷിക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടി നാളെ റിയാദിൽ നടക്കും. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ നടക്കുന്ന നാല്‍പതാമത് ഉച്ചകോടിയില്‍ ഖത്തര്‍ അമീറും എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുന്നോടിയായി വിദേശകാര്യ മന്ത്രിമാരുടെ യോഗം റിയാദില്‍ പുരോഗമിക്കുകയാണ്.

ആറ് ജി.സി.സി അംഗ രാജ്യങ്ങളുടെയും സഹകരണം വര്‍ധിപ്പിക്കുന്നതാണ് നാളെ നടക്കുന്ന ഉച്ചകോടിയുടെ പ്രധാന അജണ്ട. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്ക് ഉച്ചകോടിയിൽ പങ്കെടുക്കാൻ സൗദിയുടെ ക്ഷണം ലഭിച്ചിട്ടുണ്ട്. ഖത്തര്‍ അമീര്‍ എത്തിയാല്‍ ഉച്ചകോടി ചരിത്രമാകും.

മെയ് അവസാന വാരം മക്കയിലാണ് അവസാനമായി ജി.സി.സി ഉച്ചകോടി ചേർന്നത്. അന്നും ഖത്തർ അമീർ പെങ്കടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫയാണ് എത്തിയത്. മൂന്നു വര്‍ഷം മുമ്പാണ് വിവിധ വിഷയങ്ങളുന്നയിച്ച് നാലു രാഷ്ട്രങ്ങള്‍ ഖത്തറിന് മേല്‍ ഉപരോധമേര്‍പ്പെടുത്തിയത്.

നാളെ നടക്കുന്ന ഉച്ചകോടിയില്‍ അംഗരാജ്യങ്ങൾക്കിടയിലെ സഹകരണം മെച്ചപ്പെടുത്തല്‍, ഇറാന്‍ ഭീഷണി ചെറുക്കല്‍, യമനിലെ യുദ്ധം അവസാനിപ്പിക്കല്‍ എന്നിവ പ്രധാന വിഷയങ്ങളാകും. ഇക്കാരണത്താല്‍ ലോകമാധ്യമങ്ങളുടെ ശ്രദ്ധ റിയാദ് ഉച്ചകോടിയിലേക്ക് തിരിഞ്ഞിട്ടുണ്ട്.