LiveTV

Live

Saudi Arabia

ചരിത്രത്തിലെ ഏറ്റവും വലിയ ഐ.പി.ഒ ഇനി അരാംകോയുടേത്

ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് പൂര്‍ത്തിയാക്കി ഓഹരിയുടെ അന്തിമ മൂല്യം കഴിഞ്ഞ ദിവസം സൗദി അരാംകോ പ്രഖ്യാപിച്ചിരുന്നു. 

ചരിത്രത്തിലെ ഏറ്റവും വലിയ ഐ.പി.ഒ ഇനി അരാംകോയുടേത്

ലോക ചരിത്രത്തിലെ ഏറ്റവും വലിയ ഐ.പി.ഒ ശേഖരിച്ച് സൗദി ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ. രണ്ടാഴ്ച നീണ്ട ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിലൂടെ കമ്പനി ശേഖരിച്ചത് 2560 കോടി ഡോളര്‍.

ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് പൂര്‍ത്തിയാക്കി ഓഹരിയുടെ അന്തിമ മൂല്യം കഴിഞ്ഞ ദിവസം സൗദി അരാംകോ പ്രഖ്യാപിച്ചിരുന്നു. ഐ.പി.ഒ യുടെ തുടക്കത്തില്‍ പ്രഖ്യാപിച്ച 32 റിയാല്‍ നിജപ്പെടുത്തിയതോടെ ഇത് വഴി കമ്പനി സ്വരൂപിച്ചത് 9600 കോടി റിയാല്‍. ഏകദേശം 2560 കോടി ഡോളര്‍. ആഗോള തലത്തില്‍ ഇതിന് മുമ്പുള്ള ഐ.പി.ഒ റെക്കോര്‍ഡുകളെ പുറകിലാക്കിയാണ് സൗദി അരാംകോയുടെ ഐ.പി.ഒ റെക്കോര്‍ഡ് കുറിച്ചത്.

2500 കോടി ഡോളര്‍ മൂല്യമുള്ള ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനിയായ അലി ബാബയുടേതായിരുന്നു ഇത് വരെയുള്ള റെക്കോര്‍ഡ് ഐ.പി.ഒ. തൊട്ട് പിറകില്‍ ജപ്പാനിലെ സോഫ്റ്റ് ബാങ്കിന്റേതാണ്. 2350 കോടി ഡോളര്‍. അരാംകോയുടെ ഐ.പി.ഒ യില്‍ ലക്ഷ്യമിട്ടതിലും ഇരട്ടി ഷെയറുകളാണ് ഇതിനകം ബുക്ക് ചെയ്തത്. വ്യക്തി തലത്തിലും സ്ഥാപനങ്ങള്‍ വഴിയും അനുവദിച്ചതിനേക്കാള്‍ 450 ദശലക്ഷം അധിക ഓഹരികളാണ് ഐ.പി.ഒ വഴി ബുക്ക് ചെയ്തത്.