LiveTV

Live

Saudi Arabia

സൗദിയില്‍ നിതാഖാത്ത് കര്‍ശനമാക്കുന്നു; യെല്ലോ വിഭാഗത്തിലെ സ്ഥാപനങ്ങളെ റെഡ് കാറ്റഗറിയിലേക്ക് മാറ്റും  

സൗദിയില്‍ നിതാഖാത്ത് കര്‍ശനമാക്കുന്നു; യെല്ലോ വിഭാഗത്തിലെ സ്ഥാപനങ്ങളെ റെഡ് കാറ്റഗറിയിലേക്ക് മാറ്റും  

സൗദിയിലെ സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്തിൽ നിന്ന് മഞ്ഞ വിഭാഗത്തിലെ സ്ഥാപനങ്ങളെ ചുവപ്പ് വിഭാഗത്തിലേക്ക് മാറ്റും. പുതിയ മാറ്റം ജനുവരി 26 മുതൽ പ്രാബല്യത്തിൽ വരും. തൊഴില്‍ സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ റാജ്ഹിയാണ് ഇക്കാര്യം അറിയിച്ചത്.

സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി 2011 മുതലാണ് നിതാഖാത്ത് പദ്ധതി നടപ്പിലാക്കി തുടങ്ങിയത്. സ്ഥാപനങ്ങളിൽ സൗദിവൽക്കരണം നടപ്പിലാക്കുന്നതിൻ്റെ തോതനുസരിച്ച്, ചുവപ്പ്, മഞ്ഞ, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായി തരം തിരിച്ചാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. നിശ്ചിത ശതമാനം സൗദിവല്‍ക്കരണം നടപ്പിലാക്കാത്ത സ്ഥാപനങ്ങളാണ് ചുവപ്പ് വിഭാഗത്തില്‍ ഉൾപ്പെടുക. ഇവര്‍ക്ക് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തില്‍ നിന്നുള്ള സേവനങ്ങള്‍ ലഭിക്കുന്നതല്ല. കൂടാതെ ചുവപ്പ് വിഭാഗത്തിലെ തൊഴിലാളികളുടെ ഇഖാമയോ വര്‍ക്ക് പെര്‍മിറ്റോ പുതുക്കുന്നതിനും അനുമതിയില്ല. എന്നാൽ മഞ്ഞ വിഭാഗത്തിലെ സ്ഥാപനങ്ങല്‍ക്ക് നിയന്ത്രണങ്ങളോടെ ഇഖാമയും വര്‍ക്ക് പെര്‍മിറ്റും പുതുക്കുന്നതിനും, സ്ഥാപനങ്ങളുടെ പ്രവർത്തനം തുടരുന്നതിനും അനുമതിയുണ്ടായിരുന്നു. നിലവിൽ മഞ്ഞ വിഭാഗത്തിലുള്ള സ്ഥാപനങ്ങളെ അടുത്ത ജനുവരി 26 മുതൽ ചുവപ്പ് വിഭാഗത്തിലേക്ക് മാറ്റും. ഇതോടെ ചുവപ്പ് വിഭാഗത്തിലെ സ്ഥാപനങ്ങൾക്കുള്ള എല്ലാ മാനദണ്ഡങ്ങളും മഞ്ഞ വിഭാഗത്തിനും ബാധകമാകും.