LiveTV

Live

Saudi Arabia

സൗദി അരാംകോക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് റോയിട്ടേഴ്‌സ്‌

ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്കരണ പ്ലാന്റായ അബ്ഖൈഖിലും ഖുറൈസിലുമായി 18 ഡ്രോണുകളും മൂന്ന് മിസൈലുകളും പതിച്ചത്. 

സൗദി അരാംകോക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് റോയിട്ടേഴ്‌സ്‌

സൗദി അരാംകോക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട്. ആക്രമണ ഗൂഢാലോചനക്കായി ഇറാന്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗം ടെഹ്റാനില്‍ നടന്നതായും റിപ്പോര്‍ട്ടിലുണ്ട്. യു.എസിനെ നേരിട്ട് ആക്രമിക്കുന്നതിന് പകരം സൗദിയെ ആക്രമിച്ച് പ്രകോപനമുണ്ടാക്കാന്‍ ഇറാന്‍ പരമോന്നത നേതാവാണ് അനുമതി നല്‍കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

സെപ്തംബര്‍ 14-നായിരുന്നു എണ്ണഭീമനും ദേശീയ എണ്ണക്കന്പനിയുമായ സൗദി അരാംകോക്ക് നേരെ ആക്രമണം നടന്നത്. ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്കരണ പ്ലാന്റായ അബ്ഖൈഖിലും ഖുറൈസിലുമായി 18 ഡ്രോണുകളും മൂന്ന് മിസൈലുകളും പതിച്ചത്. 17 മിനിറ്റ് നീണ്ടു നിന്ന ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് സൗദി സഖ്യസേന ഡ്രോണുകള്‍ പരിശോധിച്ച ശേഷം സ്ഥിരീകരിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ടെന്ന് സൗദി പ്രാദേശിക മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. ജൂണില്‍ തന്നെ ആക്രമണത്തിന് ഇറാന്‍ ലക്ഷ്യമിട്ടിരുന്നു. സാന്പത്തിക ഉപരോധമേര്‍പ്പെടുത്തിയ യു.എസായിരുന്നു ലക്ഷ്യം.

എന്നാല്‍ നേരിട്ടുള്ള ആക്രമണം വന്‍‌ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഇറാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. ഇതിനാല്‍ യു.എസ് പൌരന്മാരെയും കേന്ദ്രങ്ങളേയും ഒഴിവാക്കി അവരുമായി മികച്ച ബന്ധമുള്ള സൗദിയെ ലക്ഷ്യം വെച്ചു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ ഇതിന് കര്‍ശന നിബന്ധനകളോടെ അനുമതി നല്‍കി. ഇറാനിലെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ടിനെ കുറിച്ച് ഇറാനും സൗദിയും പ്രതികരിച്ചിട്ടില്ല. അരാംകോ ആക്രമണത്തിന് പിന്നാലെ മുവ്വായിരത്തോളം യു.എസ് സൈനികരും പടക്കോപ്പുകളും സൗദിയിലെത്തിയിട്ടുണ്ട്.