LiveTV

Live

Saudi Arabia

ഓഹരി വിപണിയില്‍ ചരിത്രം കുറിക്കാന്‍ അരാംകോ

ഈ മാസം പതിനേഴിനാണ് സൌദി അരാംകോ ഓഹരി വില്‍പന തുടങ്ങിയത്. ആകെ ഒന്നര ശതമാനം ഓഹരിയാണ് ആഭ്യന്തര വിപണിയായ തദവ്വുല്‍ വഴി നടത്തുന്നത്

ഓഹരി വിപണിയില്‍ ചരിത്രം കുറിക്കാന്‍ അരാംകോ

അഞ്ച് ദിവസത്തിനിടെ സൌദി അരാംകോയുടെ ഓഹരി വില്‍പനയിലൂടെ ലഭിച്ചത് 19.7 ബില്യണ്‍ ഡോളര്‍. ആഭ്യന്തര വിപണിയിലേക്കുള്ള ഓഹരി വില്‍പന അവസാനിക്കാന്‍ അഞ്ച് ദിനം ബാക്കി നില്‍ക്കെ റെക്കോര്‍ഡ് നേട്ടം അരാംകോ സ്വന്തമാക്കിയേക്കും. സ്ഥാപനങ്ങള്‍ക്കായി നീക്കി വെച്ച ഓഹരികള്‍ വിറ്റഴിഞ്ഞിട്ടും അപേക്ഷകള്‍ തുടരുകയാണ്.

ഈ മാസം പതിനേഴിനാണ് സൌദി അരാംകോ ഓഹരി വില്‍പന തുടങ്ങിയത്. ആകെ ഒന്നര ശതമാനം ഓഹരിയാണ് ആഭ്യന്തര വിപണിയായ തദവ്വുല്‍ വഴി നടത്തുന്നത്. ഇതില്‍ ഒരു ശതമാനം ഓഹരികള്‍ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ഇന്‍സ്റ്റിറ്റ്യൂഷണല്‍ നിക്ഷേപകര്‍ക്കാണ് സ്വന്തമാക്കാനാവുക. ഇതില്‍ 17.1 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വിറ്റഴിഞ്ഞു. ഇനി ഇവ ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാലും അപേക്ഷകളെത്തുന്നത് തുടരുകയാണ്. അടുത്ത മാസം നാല് വരെ ഈ വിഭാഗത്തില്‍ അപേക്ഷക്ക് സമയം ബാക്കി നില്‍ക്കെ റെക്കോര്‍ഡ് നേട്ടമാകും അരാംകോ സ്വന്തമാക്കുക. ഓഹരി വിപണിയിലെ അര ശതമാനം വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്വന്തമാക്കാം. ഈയിനത്തില്‍ രണ്ടര ബില്യണ്‍‌ ഡോളറിന്റെ ഓഹരികള്‍ വിറ്റു കഴിഞ്ഞു. ഈ മാസം 28 വരെയാണ് ഈ ശ്രേണിയിലെ ഓഹരികള്‍ വാങ്ങാനാവുക. 25 ബില്യണ്‍ ഡോളറാണ് ഒന്നര ശതമാനം ആഭ്യന്തര ഓഹരി വില്‍പനയിലൂടെ പ്രതീക്ഷിക്കുന്നത്. ഇതിനകം 19.7 ബില്യണ്‍ മൂല്യമുള്ള ഓഹരികള്‍ വിറ്റഴിഞ്ഞു. എട്ടര ഡോളര്‍ വരെയാണ് ഓരോഹരിയുടെ മൂല്യം. ഇങ്ങിനെയുള്ള പത്ത് ഓഹരികളാണ് ഒരാള്‍ കുറഞ്ഞത് വാങ്ങേണ്ടത്. വില്‍പന അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഓഹരി വിപണിയുടെ ചരിത്രത്തില്‍ ഏറ്റവും മികച്ച നിരക്ക് അരാംകോ സ്വന്തമാക്കിയേക്കും.