LiveTV

Live

Saudi Arabia

ഹൂത്തികൾ പിടിച്ചെടുത്ത രണ്ടു കപ്പലുകളും വിട്ടയച്ചതായി ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രാലയം 

ഹൂത്തികൾ പിടിച്ചെടുത്ത  രണ്ടു കപ്പലുകളും  വിട്ടയച്ചതായി ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രാലയം 

ഹൂത്തികൾ പിടിച്ചെടുത്ത തങ്ങളുടെ രണ്ടു കപ്പലുകളും ഒരു സൗദി കപ്പലും പതിനാറ് ജോലിക്കാരെയും വിട്ടയച്ചതായി ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യമനിലെ ഹൂത്തി കേന്ദ്രങ്ങളും വാർത്ത സ്ഥിരീകരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം ചെങ്കടലിൽ സൗദി അതിർത്തിക്കടുത്തു വെച്ചാണ് ഹൂത്തികൾ മൂന്നു കപ്പലുകൾ പിടിച്ചെടുത്തത്.

ചെങ്കടലിൽ ഉഖ്ബാൻ ദ്വീപിനോട് ചേർന്ന പ്രദേശത്തു നിന്നാണ് കഴിഞ്ഞ ദിവസം ഹൂത്തികൾ കപ്പലുകൾ പിടിച്ചെടുത്തത്. കടലിലെ ഖനനത്തിനായുള്ള ഉപകരണങ്ങളുമായെത്തിയ ദക്ഷിണ കൊറിയയുടെ 2 കപ്പലുകളും സൗദിയുടെ ഒരു ചരക്കു കപ്പലും ഇതിലെ 16 ജോലിക്കാരെയുമാണ് ഹൂത്തികൾ തടങ്കലിൽ വെച്ചത്. എന്നാൽ 3 കപ്പലുകളും മുഴുവൻ ജോലിക്കാരെയും വിട്ടയച്ചതായി ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രാലയവും ഹൂത്തികളും സ്ഥിരീകരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. കൊറിയൻ കപ്പലിലുണ്ടായിരുന്ന രണ്ടു ജോലിക്കാർ തങ്ങളുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടതായും ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തങ്ങളുടെ അതിർത്തിയിലേക്ക് അനുവാദമില്ലാതെ പ്രവേശിച്ചതിനാണ് കപ്പലുകൾ പിടിച്ചെടുത്തതെന്നും ജീവനക്കാർ മാപ്പു പറഞ്ഞതിനാൽ നിയമനടപടികൾ സ്വീകരിച്ചതിനു ശേഷം കപ്പലുകളും ജീവനക്കാരെയും വിട്ടയച്ചതായും ഹൂത്തിവിഭാഗം വിദേശകാര്യഉപാധ്യക്ഷൻ ഹുസൈൻ അൽ അസ്സി ട്വിറ്ററിലൂടെ അറിയിച്ചു. ഇറാൻ സഹായത്തോടെയാണ് ഹൂത്തികൾ കപ്പലുകൾ പിടിച്ചുവെച്ചതെന്നു സൗദി സഖ്യസേന നേരത്തെ അറിയിച്ചിരുന്നു. കപ്പലുകളും ജീവനക്കാരെയും മോചിപ്പിക്കാനുള്ള സൗദി സഖ്യസേനയുടെ ശ്രമത്തിനിടയിലാണ് ഹൂത്തികൾ സ്വയം അവ വിട്ടയക്കാൻ തയ്യാറായത്.