LiveTV

Live

Saudi Arabia

‘ഒരു ഹജ്ജും എട്ട് ഉംറയും നിര്‍വ്വഹിച്ചിട്ടുണ്ട്, ഇടതുപക്ഷം ഒരിക്കലും മതത്തിനെതിരല്ല’

മാവോയിസ്റ്റുകള്‍ ആദിവാസികളെ ഭീഷണിപ്പെടുത്തി പണം തട്ടുകയാണെന്നും ടി കെ ഹംസ ജിദ്ദയില്‍ പറഞ്ഞു

‘ഒരു ഹജ്ജും എട്ട് ഉംറയും നിര്‍വ്വഹിച്ചിട്ടുണ്ട്,  ഇടതുപക്ഷം ഒരിക്കലും മതത്തിനെതിരല്ല’

സൗദിയുടെ വിവിധ ഭാഗങ്ങളിൽ സംഘടനാ പരിപാടികളില്‍ പങ്കെടുത്ത ശേഷം സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ടി കെ ഹംസ മക്കയിലെത്തി ഉംറ നിര്‍വഹിച്ചു. ഒരു ഹജ്ജും എട്ട് ഉംറയും നിര്‍വ്വഹിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും ടി കെ ഹംസ പറഞ്ഞു. ഇടത്പക്ഷം ഒരിക്കലും മതത്തിനെതിരല്ലെന്നും അദ്ദേഹം പറഞ്ഞു.

മാപ്പിളപ്പാട്ടുകള്‍ക്ക് പുതിയ ഇശലുകള്‍ രൂപപ്പെട്ടു വരണമെന്നും നിലവിലുള്ള ഇശലുകള്‍ നമ്മുടെ പൂര്‍വ്വികര്‍ ഉണ്ടാക്കിയതാണെന്നും മാപ്പിളപ്പാട്ട് ഗവേഷകന്‍ കൂടിയായി ടി കെ ഹംസ പറഞ്ഞു. മാപ്പിളപ്പാട്ടിന്റെ പാരന്പര്യം അറബി പാരന്പര്യമല്ല. അറബി പാരമ്പര്യമുള്ള ഏതാനും ഇശലുകള്‍ കണ്ടു എന്ന് വരാം. അറബി വര്‍ത്തക പ്രമാണിമാരിലൂടെയാണ് ഇസ്ലാം കേരളത്തിലെത്തിയത്. അവരുടെ ജീവിത രീതിയിലും പ്രബോധന രീതിയിലും ആകൃഷ്ടരായിട്ടായിരുന്നു ചേരമാന്‍ പെരുമാള്‍ ഉള്‍പ്പടെ നിരവധി കേരളീയര്‍ ഇസ്ലാം ആശ്ലേഷിച്ചത്. അറേബ്യയിലെ അടിമത്വ സംസ്കാരത്തിനെതിരെ പോരാടിയ മഹാനായിരുന്നു പ്രവാചകന്‍ മുഹമ്മദ് നബി.

ടി കെ ഹംസ ജിദ്ദയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുന്നു
ടി കെ ഹംസ ജിദ്ദയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുന്നു

ചാതുര്‍വര്‍ണ്യം നില നിന്നിരുന്ന കേരളീയ സമുഹത്തിന് ഇസ്ലാമിന്റെ സമത്വവും സാഹോദര്യവും കുളിരായി അനുഭവപ്പെടുകയുണ്ടായി. ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാമെന്നതും ഒരേ വരിയില്‍ നിന്ന് കൊണ്ട് ആരാധന നിര്‍വ്വഹിക്കാമെന്നതും അന്നത്തെ പീഡിത സമൂഹത്തെ ഇസ്ലാമിലേക്കാര്‍കർഷിച്ചു. അവരെയാണ് മാപ്പിളമാര്‍ എന്ന് വിളിച്ചിരുന്നത്. വന്നവര്‍ എന്നാണ് അതിനർഥം. മാപ്പിളപ്പാട്ടിന്റെറ തുടക്കം അവരില്‍നിന്നായിരുന്നു.

കേരളത്തില്‍ പിണറായിയുടെ നേതൃത്വത്തിലുള്ള ഇടത്പക്ഷ സര്‍ക്കാര്‍ നല്ല ഭരണമാണ് കാഴ്ചവെക്കുന്നത്. സര്‍ക്കാര്‍ സ്കൂളുകളുടെ പഠന നിലവാരം ഉയര്‍ത്തിയതോടെ അഞ്ച് ലക്ഷം കുട്ടികളാണ് പുതുതായി കടന്ന് വന്നത്. സര്‍ക്കാര്‍ ആശുപത്രികളിലേക്കും രോഗികളുടെ പ്രവാഹമാണ്. ഭവനമില്ലാത്തവര്‍ക്ക് ഭവന നിര്‍മ്മാണവും പ്രളയകെടുതിയിലകപ്പെട്ടവര്‍ക്ക് സഹായവും ചെയ്തു. ജി.എസ്.ടി.ഇനത്തില്‍ കേന്ദ്രത്തില്‍ നിന്ന് 1600 കോടി സംസ്ഥാന സര്‍ക്കാറിന് കിട്ടാനുണ്ട്. അഴിമതിരഹിത ഭരണമാണ് കേരളത്തിലുള്ളത്. മാവോവാദികള്‍ ആദിവാസികളെ ഭീഷണിപ്പെടുത്തി പണം തട്ടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഫാഷിസത്തിനെതിരെ എല്ലാവരും യോജിച്ച പോരാട്ടം നടത്തിയില്ലെങ്കില്‍ ഇന്ത്യയില്‍ മതേതരത്വത്തിന്റെ ഭാവി അപകടത്തിലാവും. കോണ്‍ഗ്രസും മുസ്ലിം ലീഗും ബി.ജെ.പി.യെ സഹായിച്ചതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. നരേന്ദ്ര മോദി മറ്റുള്ളവരെ ഭരണം ഏല്‍പിച്ച്
ലോകം ചുറ്റുകയാണ്. ഇന്ത്യയില്‍ നടക്കുന്ന അതിക്രമങ്ങള്‍ ആ സന്ദര്‍ശന ബന്ധത്തിലൂടെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും ടി കെ ഹംസ മാധ്യമങ്ങളോട് പറഞ്ഞു.