LiveTV

Live

Saudi Arabia

സൗദിയില്‍ കനത്ത മഴ തുടരുന്നു

അടുത്ത ആറ് മാസക്കാലം റിയാദിലും ഉയര്‍ന്ന മേഖലകളിലും തണുത്ത കാലാവസ്ഥ തുടരും

സൗദിയില്‍ കനത്ത മഴ തുടരുന്നു

സൌദി തലസ്ഥാനമായ റിയാദ് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. വിവിധ ഭാഗങ്ങളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ശക്തമായ കാറ്റിനൊപ്പമെത്തിയ മഴക്ക് പിന്നാലെ സൌദിയില്‍ താപനില കുത്തനെ കുറഞ്ഞു. ആരോഗ്യ - ഗതാഗത മന്ത്രാലയങ്ങള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്നലെ ആരംഭിച്ച മഴ ശക്തമായി റിയാദില്‍ തുടരുകയാണ്. കൊടും തണുപ്പിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായാണ് മഴ. ഇന്നു വൈകുന്നേരമാണ് മഴക്ക് അല്‍പം ശമനമുണ്ടായത്.

കരീബിയന്‍ കാറ്റിനും ഇടിമിന്നലിനൊപ്പവുമെത്തിയ മഴക്ക് പിന്നാലെ റിയാദില്‍ താപനില 17 ഡിഗ്രിയിലേക്ക് താഴുന്നു. നാളെയും മഴയും മഞ്ഞും നിറഞ്ഞ കാലാവസ്ഥ റിയാദില്‍ തുടരും. മഴക്ക് പിന്നാലെ വിവിധ ഭാഗങ്ങളില്‍ വെള്ളെക്കെട്ടുയര്‍ന്നതോടെ ഗതാഗതം മന്ദഗതിയിലായി.

ഇടിയോടൊപ്പം കിഴക്കന്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലും മഴ തുടരുന്നുണ്ട്. രാത്രിയോടെ മഴ കനക്കും. മക്ക, മദീന, ജിദ്ദ തുടങ്ങി പ്രധാന പ്രവിശ്യകളില്‍ മൂടിക്കെട്ടിയ കാലാവസ്ഥ തുടരുകയാണ്. രാജ്യത്തെ വടക്കൻ മേഖലകളിലും താപനില കുത്തനെ കുറഞ്ഞു.

അടുത്ത ആറ് മാസക്കാലം റിയാദിലും ഉയര്‍ന്ന മേഖലകളിലും തണുത്ത കാലാവസ്ഥ തുടരും. കാലാവസ്ഥാ മാറ്റത്തിന് പിന്നാലെ ആരോഗ്യ പ്രയാസങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം ട്രാഫിക് - സിവില്‍ ഡിഫന്‍സ് വിഭാഗം നല്‍കിയിട്ടുണ്ട്.