LiveTV

Live

Saudi Arabia

സൗദി അരാംകോ ഓഹരി വില്‍പന; ഈ മാസം 17 മുതല്‍ ഡിസംബര്‍ 4 വരെ

ഡിസംബര്‍ നാല് വരെ വ്യക്തികള്‍ക്കും നിക്ഷേപകര്‍ക്കും ഓഹരി സ്വന്തമാക്കാം. അന്തിമ ഓഹരി വില ഡിസംബര്‍ അഞ്ചിന് മാത്രമേ പ്രഖ്യാപിക്കൂ.

സൗദി അരാംകോ ഓഹരി വില്‍പന; ഈ മാസം 17 മുതല്‍ ഡിസംബര്‍ 4 വരെ

ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോ നാളെ ഓഹരി വില്‍പന തുടങ്ങും. ഡിസംബര്‍ നാല് വരെ വ്യക്തികള്‍ക്കും നിക്ഷേപകര്‍ക്കും ഓഹരി സ്വന്തമാക്കാം. അന്തിമ ഓഹരി വില ഡിസംബര്‍ അഞ്ചിന് മാത്രമേ പ്രഖ്യാപിക്കൂ. രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ ഓഹരി വില്‍പനയുടെ ഭാഗമായി കൂടുതല്‍ സമയം നാളെ മുതല്‍ പ്രവര്‍ത്തിക്കും.

ഓഹരി വിപണി പ്രവേശന പ്രഖ്യാപനത്തിലൂടെ ലോക ശ്രദ്ധയാകര്‍ഷിച്ച എണ്ണ ഭീമന്‍ സൗദി അരാംകോയുടെ ഓഹരി വാങ്ങാന്‍ സാധിക്കുക നാളെ മുതലാണ്. ഒരാള്‍ കുറഞ്ഞത് പത്ത് ഓഹരികളെടുക്കണം. പരമാവധി എത്ര വേണമെങ്കിലും സ്വന്തമാക്കാം. ഡിസംബര്‍ നാല് വരെയാണ് ഓഹരികള്‍ സ്വന്തമാക്കാനാവുക. ഇതിന് തൊട്ടടുത്ത ദിനമായ ഡിസംബര്‍ അഞ്ചിനാണ് അരാംകോ ഓഹരിയുടെ മൂല്യം പ്രഖ്യാപിക്കുക. നാളെ ഏകദേശ മൂല്യം ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യം ആഭ്യന്തര വിപണിയായ തദവ്വുലിലാണ് ലിസ്റ്റ് ചെയ്യുന്നത്. ആദ്യ ആറു മാസത്തേക്ക് അരാംകോയുടെ പൂജ്യം ദശാംശം അഞ്ച് ശതമാനം ഓഹരി മാത്രമാണ് വിപണിയിലെത്തുക. ആറ് മാസത്തിന് ശേഷമേ കൂടുതല്‍ ഓഹരി വില്‍ക്കൂ. ഡിസംബര്‍ അഞ്ചിന് ഓഹരി മൂല്യം പ്രഖ്യാപിച്ച ശേഷം കൂടുതല്‍ ഓഹരി വാങ്ങാന്‍ നിക്ഷേപകര്‍‌ക്ക് സാധിക്കില്ല. അടുത്ത വര്‍ഷത്തോടെ വിദേശ വിപണിയിലും ഓഹരി വില്‍ക്കും.

ആകെ വില്‍ക്കുന്ന അഞ്ച് ശതമാനം ഓഹരിയില്‍ രണ്ട് ശതമാനത്തിന്റെ മൂല്യം 30 മുതല്‍ 40 ബില്യണ്‍ വരെ എത്തുമെന്നാണ് കമ്പനിയുടെ അവകാശ വാദം. സൗദിയിലുള്ള വിദേശികളായ താമസക്കാര്‍ക്കും നിക്ഷേപകര്‍ക്കും ഓഹരി വാങ്ങാന്‍ അനുമതിയുണ്ടാകും.