LiveTV

Live

Saudi Arabia

സൗദിയുമായുള്ള സമ്പൂര്‍ണ സഹകരണത്തിന് തന്ത്രപ്രധാന കൗണ്‍സിലിന്‌ ഇന്ത്യ തുടക്കം കുറിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമാണ് റിയാദില്‍ കൗണ്‍സിലിന് തുടക്കം കുറിച്ചത്.

സൗദിയുമായുള്ള  സമ്പൂര്‍ണ സഹകരണത്തിന് തന്ത്രപ്രധാന കൗണ്‍സിലിന്‌ ഇന്ത്യ തുടക്കം കുറിച്ചു

സൗദിയുമായുള്ള സമ്പൂര്‍ണ സഹകരണത്തിന് തന്ത്രപ്രധാന കൗണ്‍സിലിന്‌ ഇന്ത്യ തുടക്കം കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമാണ് റിയാദില്‍ കൗണ്‍സിലിന് തുടക്കം കുറിച്ചത്. ഊര്‍ജ, വാണിജ്യ, ഭീകര വിരുദ്ധ മേഖലയില്‍ സഹകരണമുള്‍പ്പെടെ പന്ത്രണ്ട് മേഖലയില്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തി. കിരീടാവകാശിയുമായി നിക്ഷേപ സാധ്യതകളും പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു.

ഇന്നലെ രാത്രി റിയാദ് വിമാനത്താവളത്തില്‍ ഗവര്‍ണറാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. രാവിലെ പത്തര മണി മുതല്‍ ഊര്‍ജ, തൊഴില്‍, പരിസ്ഥിതി വകുപ്പ് മന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. ഇതിന് ശേഷം ഉച്ചക്ക് ശേഷം സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച. സൗദിയും ഇന്ത്യയും തമ്മില്‍ നേരത്തെ ധാരണയിലെത്തിയ തന്ത്ര പ്രധാന സഹകരണ കൌണ്‍സിലിന് കൂടിക്കാഴ്ചയോടെ തുടക്കമായി. ഇതോടെ സൌദിയുമായുള്ള നിക്ഷേപ വികസന സഹകരണം എളുപ്പമാകും.

ആഗോള നിക്ഷേപ വേദിയില്‍ വെച്ച് സൗദിയുടെ വിഷന്‍ 2030ന് പ്രധാനമന്ത്രി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. സഹകരണത്തിന്റെ ഭാഗമായി സൗദി അരാംകോ ഇന്ത്യയില്‍ വന്‍ നിക്ഷേപമാണ് നടത്തുക. രാജാവുമായുള്ള കൂടിക്കാഴ്ചയില്‍ വിവിധ മന്ത്രിമാരും സൈനിക ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.

ഊര്‍ജ, കാര്‍ഷിക, പാര്‍പ്പിട, ഭീകര വിരുദ്ധ മേഖലയിലും ഇരു രാജ്യങ്ങളും സഹകരിക്കും. ആഗോള നിക്ഷേപ സമ്മേളനത്തിന് ശേഷം നിക്ഷേപ സാധ്യതകളുമായി ബന്ധപ്പെട്ട് കിരീടാവകാശിയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു.