LiveTV

Live

Saudi Arabia

ആഗോള നിക്ഷേപ സമ്മേളനത്തിന് റിയാദ് ഒരുങ്ങി

ആറായിരം ക്ഷണിക്കപ്പെട്ട പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക

ആഗോള നിക്ഷേപ സമ്മേളനത്തിന് റിയാദ് ഒരുങ്ങി

ആഗോള നിക്ഷേപ സമ്മേളനത്തിന് സൌദി തലസ്ഥാനമായ റിയാദ് ഒരുങ്ങി. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പുറമെ യുഎസ്, ബ്രസീല്‍, അറബ് ലോക നേതാക്കളും പങ്കെടുക്കും. വിവിധ കരാറുകള്‍ സമ്മേളനത്തില്‍ ഒപ്പു വെക്കും. സൌദിയിലെ നിക്ഷേപ സാധ്യത പരിചയപ്പെടുത്തുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിന്റെ മൂന്നാം എഡിഷന്‍ സൌദി കിരീടാവകാശിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്.

റിയാദിലെ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ നാളെ രാവിലെയാണ് സമ്മേളനത്തിന്റെ തുടക്കം. ആഗോള നിക്ഷേപം ലക്ഷ്യം വെച്ച് സൌദി കിരീടാവകാശിക്ക് കീഴില്‍ രൂപീകരിച്ച സൌദി പൊതു നിക്ഷേപ ഫണ്ടാണ് സമ്മേളനത്തിന്റെ സംഘാടകര്‍. ‌മൂന്ന് ദിനം നീളുന്ന സമ്മേളനം സൌദിയുടയും ലോകത്തിന്റേയും ഭാവി സാധ്യതകളാണ് ചര്‍ച്ച ചെയ്യുക. പൊതു നിക്ഷേപക ഫണ്ട് ഗവര്‍ണര്‍ യാസിര്‍ ഓ അല്‍ റുമയ്യാന്‍ രാവിലെ ഒമ്പതിന് നടത്തുന്ന ആമുഖ പ്രഭാഷണത്തോടെ സമ്മേളനം തുടങ്ങും. തുടര്‍ന്ന് വിവിധ സെഷനുകളിലായി വികസനം, സാങ്കേതിക വിദ്യ, ആധുനിക സമൂഹം എന്നീ തലക്കെട്ടുകളിലായാണ് സമ്മേളനം. കഴിഞ്ഞ തവണ പാക് പ്രധാനമന്ത്രിയായിരുന്നു സമ്മേളനത്തിലെ പ്രധാന അതിഥി. ഇത്തവണ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പുറമെ, ബ്രസീൽ പ്രസിഡന്‍റ് ജെയിർ ബൊൾസണാറോ, യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യൂചിന്‍, ജോര്‍ദാന്‍ രാജാവ് എന്നിവരും സമ്മേളനത്തിന്റെ വിവിധ സെഷനുകളില്‍ പങ്കെടുക്കും. ആറായിരം ക്ഷണിക്കപ്പെട്ട പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറോളം പ്രഭാഷകരുമുണ്ടാകും.