LiveTV

Live

Saudi Arabia

ജിദ്ദ തുറമുഖത്തിന് സമീപം‍ ഇറാന്‍ എണ്ണക്കപ്പലില്‍ മിസൈല്‍ പതിച്ചു; രണ്ട് സ്റ്റോര്‍ റൂമുകള്‍ തകര്‍ന്നു

ജിദ്ദ തുറമുഖത്തിന് സമീപം‍ ഇറാന്‍ എണ്ണക്കപ്പലില്‍ മിസൈല്‍ പതിച്ചു; രണ്ട് സ്റ്റോര്‍ റൂമുകള്‍ തകര്‍ന്നു

ചെങ്കടലിൽ ജിദ്ദ തുറമുഖത്തിന് സമീപം ഇറാൻ എണ്ണ കപ്പലിൽ മിസൈൽ പതിച്ചു. സംഭവം കപ്പലിനെ ലക്ഷ്യം വെച്ച് നടന്ന റോക്കറ്റ് ആക്രമണമാണെന്ന് ഇറാന്‍ ആരോപിച്ചു. ആക്രമണത്തിൽ കപ്പലിന്റെ രണ്ട് സ്റ്റോർ റൂമുകൾ തകർന്നു. എണ്ണച്ചോര്‍ച്ചയുമുണ്ട്. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണ്.

ഗൾഫ് സമുദ്ര മേഖലയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനില്‍ക്കുന്ന സംഘർഷത്തിന്റെ തുടര്‍ച്ചയാണ് കപ്പല്‍ ആക്രമണമെന്നാണ് കരുതുന്നത്. കപ്പൽ ഉടമസ്ഥരായ നാഷനൽ ഇറാനിയൻ ടാങ്കർ കമ്പനി ആക്രമണ വാർത്ത സ്ഥിരീകരിച്ചു. സൗദി തീരത്തു നിന്ന് നൂറ് കിലോമീറ്റർ അകലെയാണ് സംഭവം. കപ്പലിനുണ്ടായ കേടുപാടുകള്‍ പരിഹരിക്കാൻ തീവ്ര ശ്രമം തുടരുകയാണ്. കപ്പലിന് നേരെ നടന്ന ആക്രമണമാണെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നുമാണ് ഇറാന്റെ ആദ്യ പ്രതികരണം.

കപ്പല്‍ ആക്രമണം ഇറാനും സൗദി ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതൽ വഷളാക്കിയേക്കും. സൗദി എണ്ണകേന്ദ്രങ്ങൾക്കു നേരെ നടന്ന ആക്രമണത്തിനു പിന്നിൽ ഇറാനാണെന്നാണ് സൗദി ആരോപിച്ചിരുന്നു. ഹോർമുസ് കടലിടുക്ക് വഴി പോകുന്ന എണ്ണകപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനെന്ന പേരില്‍ അമേരിക്ക രൂപവത്കരിച്ച സൈനിക സുരക്ഷാ സഖ്യത്തിന് സൗദി അറേബ്യയും യു.എ.ഇയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.