LiveTV

Live

Saudi Arabia

ടൂറിസ്റ്റ് വിസയിലെത്തുന്നവരെ ഉംറ നിര്‍വഹിക്കാന്‍ അനുവദിക്കുന്നതില്‍ പ്രതിഷേധം; കനത്ത നഷ്ടമെന്ന് സര്‍വീസ് കമ്പനികള്‍ 

ടൂറിസ്റ്റ് വിസയിലെത്തുന്നവരെ ഉംറ നിര്‍വഹിക്കാന്‍ അനുവദിക്കുന്നതില്‍ പ്രതിഷേധം; കനത്ത നഷ്ടമെന്ന്  സര്‍വീസ് കമ്പനികള്‍ 

സൗദിയിൽ ടൂറിസ്റ്റ് വിസയിലെത്തുന്നവരെ ഉംറ നിര്‍വഹിക്കാന്‍ അനുവദിക്കുന്നത് തങ്ങൾക്കു തിരിച്ചടിയാവുന്നതായി രാജ്യത്തെ ഉംറ സർവീസ് കമ്പനികൾ. ഭീമമായ നഷ്ടമാണ് ദിനംപ്രതി ഉണ്ടാവുന്നതെന്നും പല കമ്പനികളും അടച്ചു പൂട്ടലിന്റെ വക്കിലാണെന്നും ഇവര്‍ ആരോപിക്കുന്നു.

കഴിഞ്ഞ മാസം 27 മുതലാണ് സൗദിയിൽ ടൂറിസ്റ്റ് വിസകൾ അനുവദിച്ചു തുടങ്ങിയത്. ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്ക് യഥേഷ്ടം ഉംറ കർമം നിർവഹിക്കാമെന്നു നേരത്തെ തന്നെ അധികൃതർ അറിയിച്ചിരുന്നു. ഇതനുസരിച്ചു രാജ്യത്ത് എത്തുന്ന മുസ്ലിം ടൂറിസ്റ്റുകൾ അവസരം ഉപയോഗപ്പെടുത്തി ഉംറ നിർവഹിക്കുന്നുമുണ്ട്. എന്നാൽ ഇത് ഉംറ രംഗത്ത് പ്രവർത്തിക്കുന്ന 600 ഓളം സർവീസ് കമ്പനികൾക്ക് തിരിച്ചടിയായതായാണ് വിലയിരുത്തൽ.

ഉംറ സർവീസ് രംഗത്തു ഉണ്ടായ മാറ്റങ്ങൾ കാരണം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി കമ്പനികൾക്ക് കനത്ത നഷ്ടങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിനിടക്കാണ് പുതിയ ടൂറിസ്റ്റ് വിസകളും ആരംഭിച്ചത്. ഈ രംഗത്ത് പ്രവൃത്തിക്കുന്ന 200 ഓളം കമ്പനികളാണ് കനത്ത നഷ്ടം കാരണം അടച്ചുപൂട്ടാനൊരുങ്ങുന്നതെന്നും പുതിയ സാഹചര്യങ്ങൾ ഉംറ സർവീസ് കമ്പനികൾക്ക് മുന്നോട്ടു പോവാൻ പ്രയാസം സൃഷ്ടിക്കുന്നതായും ദേശീയ ഹജ്ജ് ഉംറ കമ്മറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ്ബ്നു ബാദി പറഞ്ഞു. തീർത്ഥാടകർക്കായി നിശ്ചയിച്ച വിവിധ നിരക്കുകൾ പ്രദർശിപ്പിക്കാനായി ഹജ്ജ് ഉംറ കാര്യ മന്ത്രാലയം ആരംഭിച്ച ഇ-പ്ലാറ്റ്ഫോമുകൾ കൃത്യമായി പ്രവർത്തിക്കാത്തതും കമ്പനികൾക്ക് തിരിച്ചടിയായി. പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ദേശീയ ഹജ്ജ്-ഉംറ കമ്മറ്റി കഴിഞ്ഞ ദിവസം മക്കയിൽ ശിൽപ്പശാല സംഘടിപ്പിച്ചിരുന്നു. തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ഹജ്ജ് ഉംറ കാര്യ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശിൽപ്പശാലയിൽ തീരുമാനമായിട്ടുമുണ്ട്.