LiveTV

Live

Saudi Arabia

ടാക്സി നിയമലംഘന പട്ടിക പുതുക്കി; ഫാമിലി ടാക്സികളിൽ വനിത ജീവനക്കാർ മാത്രം മതി

ടാക്സി നിയമലംഘന പട്ടിക പുതുക്കി; ഫാമിലി ടാക്സികളിൽ വനിത ജീവനക്കാർ മാത്രം മതി

സൗദിയിൽ ടാക്സി നിയമലംഘന പിഴ പട്ടിക പുതുക്കി നിശ്ചയിച്ചു. ഫാമിലി ടാക്സികളിലെ ഡ്രൈവർ ജോലികൾ വനിതകൾക്ക് മാത്രമായി നിജപ്പെടുത്തി. ഗതാഗത മന്ത്രി നബീൽ അൽ ആമൂദിയാണ് ഏതാനും പിഴകൾ പുതുക്കി നിശ്ചയിച്ചയതായി അറിയിച്ചത്.

ഇനി മുതൽ ഫാമിലി ടാക്സികളിൽ വനിതകൾ മാത്രമായിരിക്കും ഡ്രൈവർമാർ. ഇത്തരം ടാക്സികളിൽ ഫാമിലിയില്ലാതെ പുരുഷന്മാർ മാത്രം യാത്ര ചെയ്താൽ ടാക്സി സ്ഥാപനത്തിന് മേൽ 1000 റിയാൽ പിഴ ചുമത്തും. ടാക്സിക്കുള്ളിൽ ഡ്രൈവർ പുകവലിക്കുക, യാത്രക്കാർക്ക് പുകവലിക്കാൻ അനുവാദം നൽകുക, പൊതു മര്യാദകൾ പാലിക്കാതിരിക്കുക, വസ്ത്രധാരണത്തിനും വൃത്തിക്കും ആവശ്യമായ പരിഗണന നൽകാതിരിക്കുക, ഭിന്നശേഷിക്കാരായ യാത്രക്കാരെ സഹായിക്കാതിരിക്കുക, യാത്രക്കാർ കൂടെയില്ലാതെ സാധനങ്ങൾ മാത്രം കയറ്റുക എന്നീ കുറ്റങ്ങൾക്ക് 500 റിയാലാണ് പിഴ ചുമത്തുക. ഭിന്നശേഷിക്കാർക്കുള്ള കാറുകളുടെ എണ്ണം നിശ്ചയിച്ച എണ്ണത്തേക്കാൾ കുറവാകുന്നതും, അംഗീകൃത കാലാവധി തീർന്നശേഷവും വാഹനം നിരത്തിലിറക്കുന്നതും 5000 റിയാൽ പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഡ്രൈവിങ് ലൈസൻസില്ലാത്തവരെ ജോലിക്ക് നിശ്ചയിക്കുന്നതിനും, യാത്ര തുടങ്ങുന്ന സമയത്ത് മീറ്റർ പ്രവർത്തിക്കാതിരിക്കുന്നതിനും 3000 റിയാലാണ് പിഴയെന്ന് പുതിയ പട്ടിക വ്യക്തമാക്കുന്നു. കാലാവധി തീർന്ന വർക്കിങ് കാർഡുമായി ജോലിയേർപ്പെടുന്നതിനും, കാർഡ് കൈവശം സൂക്ഷിക്കാതിരിക്കുന്നതിനും 500 റിയാൽ പിഴയുണ്ട്. ഡ്രൈവർക്ക് ആവശ്യമായ സാങ്കേതിക പരിശീലനം നൽകിയിട്ടില്ലെങ്കിൽ സ്ഥാപനത്തിന് മേൽ ചുമത്തുന്ന പിഴ 2000 റിയാലായിരിക്കും.