LiveTV

Live

Saudi Arabia

തുർക്കിയിലേക്കുള്ള സൗദി ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻ കുറവ് വന്നതായി റിപ്പോർട്ട്

തുർക്കിയിലേക്കുള്ള സൗദി ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻ കുറവ് വന്നതായി റിപ്പോർട്ട്

തുർക്കിയിലേക്കുള്ള സൗദി ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻ കുറവ് വന്നതായി റിപ്പോർട്ട്. യു.എ.യിൽ നിന്നുള്ള സന്ദർശകരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. എന്നാൽ ഈജിപ്ത്, ഇറാൻ, ഇസ്രായേല്‍ എന്നിവിടങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾ വർധിച്ചതായും കണക്കുകൾ.

ഇക്കഴിഞ്ഞ ആഗസ്റ്റിലെ വിവരങ്ങൾ പ്രകാരം തുർക്കി സാംസ്കാരിക, ടൂറിസം മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. ഇതനുസരിച്ച് ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് സൗദിയിൽ നിന്നാണ്. 28 ശതമാനം. യു.എ.ഇ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 16 ശതമാനവും കുറവ് വന്നിട്ടുണ്ട്. ഒരു ലക്ഷത്തോളം സൗദികളാണ് കഴിഞ്ഞ ആഗസ്റ്റ് മാസം തുർക്കി സന്ദർശിച്ചത്. കഴിഞ്ഞ വർഷം ആഗസ്റ്റ് മാസത്തെ സന്ദർശകരുടെ എണ്ണത്തിനേക്കാൾ 40,000 കുറവ്. ഇതേ സമയത്ത് തുർക്കി സന്ദർശിച്ച യു.എ.ഇ പൗരന്മാരുടെ എണ്ണം 6,419 ആണ്. 7,641 പേരായിരുന്നു കഴിഞ്ഞ വർഷം ഇതേ മാസത്തെ യു.എ.ഇ സന്ദർശകർ. അതേസമയം ഇറാനിൽ നിന്നുള്ള ടൂറിസ്റ്റുകൾ 45 ശതമാനവും ഇസ്രായേലിൽ നിന്നും 27 ശതമാനവും ഈജിപ്തിൽ നിന്നുള്ളവർ 24 ശതമാനവും വർധിച്ചിട്ടുമുണ്ട്. സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗിയുടെ കൊലപാതകത്തിന് ശേഷം തുർക്കിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ സൗദിയിൽ വ്യാപക പ്രചാരണങ്ങൾ നടന്നിരുന്നു. ഇതിന്റെ ഫലമായിരിക്കാം തുർക്കിയിലേക്കുള്ള സൗദി ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നതെന്നാണ് വിലയിരുത്തൽ.