LiveTV

Live

Saudi Arabia

എണ്ണയിതര മേഖലകളില്‍ മൂന്ന് ശതമാനം സാമ്പത്തിക വളര്‍ച്ച നേടി സൗദി

എണ്ണയിതര മേഖലകളില്‍  മൂന്ന് ശതമാനം സാമ്പത്തിക വളര്‍ച്ച നേടി സൗദി

എണ്ണേതര മേഖലകളില്‍ സൗദി മൂന്ന് ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം രണ്ടാം പാദത്തിലാണ് എണ്ണേതര മേഖലയില്‍ സൗദി ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. എണ്ണേതര വരുമാനം വര്‍ധിപ്പിക്കുവാന്‍ വിവിധ പദ്ധതികളാണ് രാജ്യം നടപ്പിലാക്കി വരുന്നത്.

സൗദി സമ്പദ് വ്യവസ്ഥയുടെ പ്രധാന സ്രോതസ്സായിരുന്ന എണ്ണക്ക് ആഗോള വിപണിയിലുണ്ടായ വിലയിടിവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ വിവിധ പദ്ധതികളാണ് രാജ്യത്ത് നടപ്പിലാക്കി വരുന്നത്. പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ മാന്ദ്യം മറികടക്കാന്‍ തുടങ്ങിയതിന്റെ സൂചനയായാണ് ഈ വര്‍ഷം രണ്ടാം പാദത്തിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ആഗോളവിപണിയില്‍ എണ്ണ വിലയിടിവ് പിടിച്ചുനിറുത്താനായി സൗദി പ്രതിദിന എണ്ണ കയറ്റുമതിയില്‍ അഞ്ചു ലക്ഷം ബാരലിന്റെ കുറവ് വരുത്തിയിരുന്നു. ഇത് മൊത്തം ആഭ്യന്തരോല്‍പാദനം കുറയാനിടയാക്കി. വിവിധ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ തരണം ചെയ്തതും നിക്ഷേപങ്ങള്‍ വര്‍ധിപ്പിച്ചതും രാജ്യത്തെ ബിസിനസ്സ് സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയതായും വിലയിരുത്തപ്പെടുന്നുണ്ട്. അമേരിക്കയില്‍ ഷെയിന്‍ ഓയില്‍ ഉല്‍പാദനം വര്‍ധിച്ചതും, ഒപെകേതര രാജ്യങ്ങള്‍ എണ്ണ ഉല്‍പാദനം വര്‍ധിപ്പിച്ചതും, ആഗോള സാമ്പത്തിക മാന്ദ്യം സംബന്ധിച്ച റിപ്പോര്‍ട്ടുകളും എണ്ണ വിപണിയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇത് മറികടക്കാന്‍ സൗദിക്ക് സാമ്പത്തിക വൈവിദ്യവല്‍ക്കരണ പദ്ധതികളുമായി മുന്നോട്ട് പോകേണ്ടിവരുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.