LiveTV

Live

Saudi Arabia

സൗദിയുടെ ടൂറിസം വിസകൾ ഇന്ത്യക്കാർക്കും ലഭിച്ച് തുടങ്ങി

ഒരു വര്‍ഷത്തേക്കും ഒരു മാസത്തേക്കുമാണ് ടൂറിസ്റ്റ് വിസകള്‍ സൌദിയിലേക്ക് അനുവദിച്ചത്

 സൗദിയുടെ ടൂറിസം വിസകൾ ഇന്ത്യക്കാർക്കും ലഭിച്ച് തുടങ്ങി

സൌദിയിലേക്ക് ഏര്‍പ്പെടുത്തിയ ടൂറിസം വിസകള്‍ ഇന്ത്യക്കാര്‍ക്കും ലഭിച്ചു തുടങ്ങി. മുംബൈ കോണ്‍സുലേറ്റില്‍ നിന്നും ഒരു മാസത്തേക്കുള്ള ടൂറിസം വിസയാണ് ലഭിച്ചത്. ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസം വിസയും ഉടന്‍ ലഭ്യമാകുമെന്ന് ട്രാവല്‍ ഏജന്റുമാര്‍ പറഞ്ഞു. അപേക്ഷക്കൊപ്പം വിവിധ രേഖകള്‍ ഇതിനായി സമര്‍‌പ്പിക്കണം.

ഒരു വര്‍ഷത്തേക്കും ഒരു മാസത്തേക്കുമാണ് ടൂറിസ്റ്റ് വിസകള്‍ സൌദിയിലേക്ക് അനുവദിച്ചത്. ഓണ്‍ അറൈവല്‍ വിസയും ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസയും ആദ്യ ഘട്ടത്തില്‍ ഇന്ത്യയൊഴികെ 49 രാജ്യങ്ങള്‍ക്ക് മാത്രമാണ് അനുവദിച്ചത്. എന്നാല്‍ ഇന്ത്യയുള്‍പ്പെടെ ലിസ്റ്റില്‍ പെടാത്ത രാജ്യങ്ങള്‍ക്ക് വിസ ലഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. വിസ ലഭിക്കാന്‍ വേണ്ട രേഖകള്‍ ഇവയാണ്:

1. ആറുമാസമെങ്കിലും കാലാവധി ബാക്കിയുള്ള പാസ്പോര്‍ട്ട്

2.യാത്രക്കാരന്റെ ബയോഡാറ്റയും ഇന്ത്യയിലെ സ്ഥാപനത്തില്‍ നിന്നുള്ള ശിപാര്‍ശ കത്തും

3.കണ്‍ഫേം ചെയ്ത റിട്ടേണ്‍ ടിക്കറ്റ്

4. ആധാര്‍ കോപ്പിയും കഴിഞ്ഞ മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റും

5. സൌദിയില്‍ താമസിക്കാനുദ്ദേശിക്കുന്ന ഹോട്ടലിന്റേയോ അപാര്‌ട്ട്മെന്റിന്റേയോ അഡ്രസും ഫോണ്‍ നമ്പറും

ഇത്രയും രേഖകള്‍ നിശ്ചിത അപേക്ഷാ ഫോറത്തില്‍ കോണ്‍സുലേറ്റില്‍ ഏജന്റുമാര്‍ മുഖേനയോ നേരിട്ടോ അപേക്ഷിക്കാം. ഭര്‍ത്താവാണ് പോകുന്നതെങ്കില്‍ ഭാര്യക്കും മക്കള്‍ക്കും വിസ ലഭിക്കുന്നുണ്ട്. എന്നാല്‍ ഭാര്യക്ക് ഒറ്റക്ക് അപേക്ഷ നല്‍കണമെങ്കില്‍‌ മേല്‍പറഞ്ഞ രേഖകള്‍ അത്യാവശ്യമാണെന്ന് ഏജന്റുമാര്‍ പറയുന്നു.

ഇന്നലെയാണ് ആദ്യമായി ടൂറിസം വിസ ഒരു മാസത്തേക്കുള്ളത് സ്റ്റാമ്പ് ചെയ്തത്. ആര്‍ക്കൊക്കെ ഏതെല്ലാം രൂപത്തില്‍ ലഭിക്കുമെന്നത് വരും ദിനങ്ങളിലറിയാം. ഓണ്‍ അറൈവല്‍ വിസകള്‍ മുഴുവന്‍ ലോക രാജ്യങ്ങള്‍ക്കും ഡിസംബറോടെയാണ് അനുവദിക്കുക.