LiveTV

Live

Saudi Arabia

സൗദിയില്‍ നിന്ന് നാട്ടിലേക്കയക്കുന്ന പണത്തിന്റെ തോത് കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട്

ഇക്കഴിഞ്ഞ ജൂലൈയില്‍ നിന്ന് ആഗസ്റ്റിലെത്തിയപ്പോഴും ഒരു മാസം കൊണ്ട് 154 കോടി റിയാലിന്റെ കുറവുണ്ടായി

സൗദിയില്‍ നിന്ന്  നാട്ടിലേക്കയക്കുന്ന പണത്തിന്റെ തോത് കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട്

സൗദിയില്‍ നിന്ന് വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന്റെ തോത് കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തുകയാണ് കഴിഞ്ഞ വര്‍ഷം വിദേശികള്‍ നാട്ടിലേക്കയച്ചത്. 2016 മുതല്‍ വിദേശികളയക്കുന്ന പണം തുടര്‍ച്ചയായി കുറഞ്ഞുവരികയാണെന്നും സമ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ സൗദിയില്‍ നിന്നും വിദേശികള്‍ സ്വദേശങ്ങളിലേക്കയച്ചത് 1042 കോടി റിയാലായിരുന്നു. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടപ്പോള്‍, ഇക്കഴിഞ്ഞ ആഗസ്റ്റില്‍ അത് 50 കോടി റിയാല്‍ കുറഞ്ഞ് 992 കോടി റിയാലായി. ഇക്കഴിഞ്ഞ ജൂലൈയില്‍ നിന്ന് ആഗസ്റ്റിലെത്തിയപ്പോഴും ഒരു മാസം കൊണ്ട് 154 കോടി റിയാലിന്റെ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് വരെയുള്ള ആദ്യത്തെ എട്ട് മാസങ്ങളില്‍ 9,266 കോടി റിയാല്‍ വിദേശികള്‍ സ്വദേശങ്ങളിലേക്കയച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ ആദ്യ എട്ട് മാസത്തില്‍, ഇത് 1090 റിയാല്‍ കുറഞ്ഞ് 8270 കോടി റിയാലായി. പോയ വര്‍ഷം വിദേശികള്‍ നാട്ടിലേക്കയച്ചത് 13,640 കോടി റിയാലായിരുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തുകയാണിത്. അതേ സമയം കഴിഞ്ഞ ആഗസ്റ്റില്‍ സൗദികള്‍ വിദേശങ്ങളിലേക്കയക്കുന്ന പണത്തില്‍ 5.7 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഈ വര്‍ഷം ആദ്യ എട്ടുമാസത്തിനിടെ സൗദികള്‍ വിദേശങ്ങളിലേക്കയച്ച പണത്തില്‍ 375 കോടിയോളം റിയാലിന്റെ കുറവ് രേഖപ്പെടുത്തിയതായി സൗദി അറേബ്യന്‍ മോണിട്ടറി അതോറിട്ടിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.