LiveTV

Live

Saudi Arabia

ജിദ്ദ റെയിൽവേ സ്റ്റേഷനിൽ തീപിടുത്തം; 5 പേർക്ക് പരിക്ക്

ജിദ്ദ റെയിൽവേ സ്റ്റേഷനിൽ തീപിടുത്തം; 5 പേർക്ക് പരിക്ക്

ജിദ്ദ അൽഹറമൈൻ റെയിൽവേ സ്റ്റേഷനിലുണ്ടായ വൻ തീപിടുത്തം നഗരത്തിൽ പരിഭ്രാന്തി പരത്തി. മണിക്കൂറുകളോളം നീണ്ടുനിന്ന തീപിടുത്തത്തിൽ സ്റ്റേഷന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചതായാണ് വിവരം. സംഭവത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റതായി സിവിൽ ഡിഫൻസ് അറിയിച്ചു.

ഉച്ചക്ക് 12.35 ഓടെയാണ് ജിദ്ദ സുലൈമാനിയയിലെ റെയിൽവേ സ്റ്റേഷനോടനുബന്ധിച്ച കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. ഏറ്റവും മുകളിലെ നിലയിലെ മേൽക്കുരയിൽ നിന്നാണ് അഗ്നിബാധ തുടങ്ങിയത്. പിന്നീട് മറ്റ് സ്ഥലങ്ങളിലേക്കും തീ അതിവേഗം പടരുകയായിരുന്നു. സിവിൽ ഡിഫൻസിനു കീഴിലെ 26 ഓളം അഗ്നിശമന, രക്ഷാപ്രവർത്തന യൂനിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പൂർണമായും തീ അണക്കാനും സ്റ്റേഷനുള്ളിലെ പുകപടലം പുറം തള്ളാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവത്തെ തുടർന്ന് റെയിൽവേ സ്റ്റേഷനകത്തുള്ള മുഴുവനാളുകളെയും മാറ്റുകയും ട്രെയിൻ സർവീസുകൾ പൂർണമായും റദ്ദാക്കുകയും ചെയ്തു. ഹെലികോപ്റ്ററുകളുടെ സഹായത്താലാണ് സ്റ്റേഷനകത്തു കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. അഗ്നിബാധയിൽ പരിക്കേറ്റ 5 പേരെ ആശുപത്രിയിലേക്ക് മാറ്റി. വിവിധ വകുപ്പുകളിലെ 16 ഓളം മെഡിക്കൽ സംഘങ്ങളും റെഡ് ക്രസൻറ് യൂനിറ്റുകളും സ്ഥലത്തെത്തിയിരുന്നു. അഗ്നിബാധയുണ്ടായതോടെ പരിസരത്തെ റോഡുകളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. തീപിടുത്തതിനുള്ള കാരണം വ്യകതമായിട്ടില്ല. തീ എത്രയും വേഗം നിയന്ത്രണ വിധേയമാക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും ജിദ്ദ ഗവർണർ അമീർ മിശ്അൽ ബിൻ മാജിദ് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.