LiveTV

Live

Saudi Arabia

സൗദിയിൽ സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം 20 ശതമാനമായതായി റിപ്പോർട്ട്

സൗദിയിൽ സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം 20 ശതമാനമായതായി റിപ്പോർട്ട്

സൗദിയിൽ സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം ഇരുപതു ശതമാനമാനത്തിലെത്തിയതായി റിപ്പോർട്ട്. സ്വദേശികളുടെ തൊഴിലില്ലായ്മക്കു പരിഹാരം കാണുന്നതിനായി ആരംഭിച്ച വിവിധ പദ്ധതികൾ മുഖേന വിദേശികളുടെ തൊഴിൽ നഷ്ടതോത് കൂടിയതായാണ് കണക്കുകൾ. പുതിയ കണക്കുപ്രകാരം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന മൊത്തം വിദേശികളുടെ എണ്ണം അറുപത്തി ആറു ലക്ഷമാണ്.

ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം സൗദിയിൽ സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം 20.3 ശതമാനായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 1.3 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. സ്വകാര്യ മേഖലയിൽ നിന്നും ഗോസിയിൽ രജിസ്റ്റർ ചെയ്ത മൊത്തം ജീവനക്കാർ 82.5 ലക്ഷമാണ്. ഇവരിൽ 16.7 ലക്ഷം പേരാണ് സ്വദേശികൾ. വിദേശികൾ 65.8 ലക്ഷം പേരും. സ്വദേശി ജീവനക്കാരിൽ പുരുഷന്മാർ 11.4 ലക്ഷം പേരും സ്ത്രീകൾ 5.3 ലക്ഷം പേരുമാണ്. വിദേശി ജോലിക്കാരിലാവട്ടെ പുരുഷന്മാർ 63.6 ലക്ഷവും സ്ത്രീകൾ 2.18 ലക്ഷവുമാണ്. സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി കൊണ്ടുവന്ന വിവിധ പദ്ധതികൾ വിജയകരമായി തുടരുന്നുവെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. രണ്ടര വർഷത്തിനിടയിൽ 19 ലക്ഷം വിദേശികൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. പുതുതായി ടെലിക്കോം ഐടി മേഖലകളിലും ഹോട്ടലുകൾ, റിസോർട്ടുകൾ തുടങ്ങിയ ആതിഥേയ മേഖലകളിൽ കൂടി സ്വദേശിവൽക്കരണ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഈ മേഖലകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടാനും പുതിയ നടപടി കാരണമാവും.