സൗദി അറേബ്യയില്‍ ടൂറിസം വിസ പ്രാബല്യത്തില്‍

സൗദി അറേബ്യയില്‍ ടൂറിസം വിസ ഇന്നു മുതല്‍ പ്രാബല്യത്തിലായി. മുന്നൂറ് റിയാല്‍ ചിലവുള്ള വിസക്ക് ആര്‍ക്കും നാളെ മുതല്‍ അപേക്ഷിച്ച് തുടങ്ങാം. 49 രാജ്യങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കുക. രാജ്യത്തെത്തുന്നവര്‍ക്ക് അബായ വസ്ത്രം ധരിക്കല്‍ നിര്‍ബന്ധമില്ല.
നേരത്തെ പ്രഖ്യാപിച്ച ടൂറിസം വിസയാണ് നാളെ മുതല്‍ പ്രാബല്യത്തിലാകുന്നത്. മൂന്നൂറ് റിയാല്‍ വിസ ചാര്‍ജും 140 റിയാല്‍ ട്രാവല്‍ ഇന്‍ഷൂറന്‍സും ഉള്‍പ്പെടെ നാന്നൂറ്റി നാല്‍പ്പത് റിയാല്‍ മതി വിസക്ക്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുണയില്ലാതെ ഒറ്റക്ക് തന്നെ സൗദിയിലെത്താം. ഓണ്‍ലൈനായോ, വിമാനത്താവളത്തില്‍ സജ്ജീകരിച്ച മെഷീനുപയോഗിച്ചോ വിസ ലഭിക്കും. റിയാദ്, ജിദ്ദ, ദമ്മാം, മദീന വിമാനത്താവളങ്ങളില്‍ ഇതിനായി മെഷീന് സജ്ജീകരിച്ചിട്ടുണ്ട്. രാജ്യത്ത് പ്രവേശിക്കുന്ന സ്ത്രീകള്‍ക്കുള്ള അബായ നിബന്ധനയും എടുത്തു കളഞ്ഞു.
ഇസ്ലാം ഇതര വിശ്വാസികള്‍ക്ക് മക്കയിലേക്കും മദീനയിലേക്കും പ്രവേശനമില്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് അടുത്ത ഘട്ടത്തിലാകും അവസരം. ആറുമാസമാണ് വിസയില്‍ ആകെ രാജ്യത്ത് തങ്ങാനാവുക. എന്നാല്‍ മൂന്ന് മാസം കഴിയുമ്പോള്‍ റീ എന്‍ട്രി നിര്‍ബന്ധമാണ്.