LiveTV

Live

Saudi Arabia

സൗദിയില്‍ വ്യവസായ സ്ഥാപനങ്ങളിലെ വിദേശി ജീവനക്കാര്‍ക്ക് ലെവി ഇളവ്

സൗദിയില്‍ സ്വകാര്യമേഖലയില്‍ അറുപത്തിയാറര (66.6) ലക്ഷത്തോളം വിദേശികളാണ് ജോലി ചെയ്യുന്നത്

സൗദിയില്‍ വ്യവസായ സ്ഥാപനങ്ങളിലെ വിദേശി ജീവനക്കാര്‍ക്ക്  ലെവി ഇളവ്

സൗദിയില്‍ അഞ്ചു വര്‍ഷത്തേക്കുള്ള ലെവി ഇളവ് വ്യവസായ സ്ഥാപനങ്ങളിലെ ആറര ലക്ഷത്തോളം പേര്‍ക്ക് ലഭിക്കും. ലെവി ഇളവ് വ്യവസായ മേഖലക്ക് പുത്തനുണര്‍വേകുമെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രി പറഞ്ഞു. അടുത്തമാസം ഒന്നാം തിയതി മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് ലെവിയില്‍ ഇളവ് ലഭിക്കുക.

സൗദിയില്‍ സ്വകാര്യമേഖലയില്‍ അറുപത്തിയാറര (66.6) ലക്ഷത്തോളം വിദേശികളാണ് ജോലി ചെയ്യുന്നത്. ഇവരില്‍ പത്ത് ശതമാനത്തിന് താഴെയാണ് (9.68) വ്യവസായ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍. അതായത് അഞ്ചുവര്‍ഷത്തേക്കുള്ള ലെവി ഇളവ് ലഭിക്കുന്നത് ആറര ലക്ഷത്തോളം (6,44,590) വിദേശികള്‍ക്ക്. വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ലെവി അഞ്ച് വര്‍ഷത്തേക്ക് സര്‍ക്കാര്‍ വഹിക്കുമെന്നുള്ള മന്ത്രിസഭാ തീരുമാനം വ്യാവസായ മേഖലയിലും ഇതര മേഖലകളിലും പുത്തനുണര്‍വ്വുണ്ടാക്കുമെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍ രാജി പറഞ്ഞു. പുതിയ തീരുമാനത്തിലൂടെ വ്യവസായ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ലെവി ഇനത്തില്‍ മൂന്ന് കോടിയോളം റിയാല്‍ (2,974) ലാഭിക്കാനാകും. നിലവില്‍ വ്യവസായ സ്ഥാപനങ്ങളില്‍ നാലര ലക്ഷത്തോളം (4,44,946) പേര്‍ പ്രതിമാസം 800 റിയാല്‍ വീതവും രണ്ട് ലക്ഷത്തോളം പേര്‍ (1,99,646) 700 റിയാല്‍ വീതവും ലെവി അടക്കേണ്ടവരാണ്. ഇവര്‍ക്കാണ് പുതിയ ആനുകൂല്യം ഗുണം ചെയ്യുക.