LiveTV

Live

Saudi Arabia

ടൂറിസം വിപ്ലവത്തിനൊരുങ്ങി സൗദി

രാജ്യത്തുടനീളം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും വിധം വിവിധ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ സ്വകാര്യ മേഖല പങ്കാളികളുമായി സഹകരിച്ചു പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

ടൂറിസം വിപ്ലവത്തിനൊരുങ്ങി സൗദി

വരും വര്‍ഷങ്ങളില്‍ രാജ്യം നിരവധി വിനോദ പരിപാടികള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന് സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി അറിയിച്ചു. ടൂറിസത്തിനും വിനോദത്തിനുമായി വിദേശ രാജ്യങ്ങളില്‍ ചെലവഴിക്കുന്ന തുക തിരിച്ച് പിടിക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്. സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചീഫ് എക്‌സികൂട്ടീവ് അമര്‍ ബനജ യൂറോമണി കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

പ്രതിവര്‍ഷം ആറ് ബില്ല്യണ്‍ ഡോളറാണ് വിനോദത്തിനും ടൂറിസത്തിനുമായി വിദേശ രാജ്യങ്ങളില്‍ ചെലവഴിക്കുന്നത്. ഇത് തിരിച്ച് പിടിക്കാനാണ് അതോറിറ്റിയുടെ ശ്രമം. ഇതിനായി നിയന്ത്രിതവും ശക്തവുമായ വിനോദ മേഖല കെട്ടിപ്പടുക്കും.

വിഷന്‍ 2030ന് അനുയോജ്യമാകും വിധം പൗരന്മാരുടെ ജീവിത നിലവാരം ഉയര്‍ത്തും. രാജ്യത്തുടനീളം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും വിധം വിവിധ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ സ്വകാര്യ മേഖല പങ്കാളികളുമായി സഹകരിച്ചു പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. അയ്യായിരത്തിലധികം പരിപാടികള്‍ ഈ വര്‍ഷം നടത്തുമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചീഫ് എക്‌സികൂട്ടീവ് അമര്‍ ബനജ പറഞ്ഞു.

പുതിയ ടൂറിസ്റ്റ് വിസകള്‍ അവതരിപ്പിക്കുന്നതിലൂടെ വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ. വളര്‍ന്ന് വരുന്ന ടൂറിസം വ്യവസായം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സമ്പദ് വ്യവസ്ഥ ഉയര്‍ത്തുന്നതിനും സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അമര്‍ ബനജ പറഞ്ഞു.