LiveTV

Live

Saudi Arabia

ഡ്രോണ്‍ ആക്രമണം നടന്ന സൗദി അരാംകോ പ്ലാന്റില്‍ മീഡിയവണ്‍ സംഘം; തകര്‍ന്ന ഖുറൈസ് പ്ലാന്റിന്റെ ആദ്യ ദൃശ്യങ്ങള്‍

നാല് ഡ്രോണുകളാണ് ഖുറൈസ് പ്ലാന്‍റില്‍ പതിച്ചത്. പ്ലാന്‍റിലെ ഉത്പാദനം പുനരാരംഭിക്കാന്‍ ഒരാഴ്ച സമയമെടുക്കുമെന്ന് അരാംകോ അധികൃതര്‍ മീഡിയവണിനോട് പറഞ്ഞു.

ഡ്രോണ്‍ ആക്രമണം നടന്ന സൗദി  അരാംകോ പ്ലാന്റില്‍ മീഡിയവണ്‍ സംഘം; തകര്‍ന്ന ഖുറൈസ് പ്ലാന്റിന്റെ ആദ്യ ദൃശ്യങ്ങള്‍

സൗദി അരാംകോക്ക് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്ന പ്ലാന്‍റുകളുടെ ആദ്യ ദൃശ്യങ്ങള്‍ മീഡിയവണിന്. ദമ്മാമിലെ ഖുറൈസ് പ്ലാന്‍റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ മീ‍ഡിയവണ്‍ പുറത്തുവിട്ടു. നാല് ഡ്രോണുകളാണ് ഖുറൈസ് പ്ലാന്‍റില്‍ പതിച്ചത്. പ്ലാന്‍റിലെ ഉത്പാദനം പുനരാരംഭിക്കാന്‍ ഒരാഴ്ച സമയമെടുക്കുമെന്ന് അരാംകോ അധികൃതര്‍ മീഡിയവണിനോട് പറഞ്ഞു.

25 ഡ്രോണുകളും മിസൈലുകളുമാണ് അരാംകോ പ്ലാന്റിന് നേരെയെത്തിയത്. ഇതില്‍ 18 എണ്ണം ലക്ഷ്യ സ്ഥാനത്ത് പതിച്ചു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇറാനാണെന്ന് സൌദി വക്താക്കള്‍ അറിയിക്കുകയുണ്ടായി. ഡ്രോണുകള്‍ റിയാദിലെ വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

അരാംകോക്ക് നേരെ നടന്ന ആക്രമണത്തില്‍ അന്താരാഷ്ട്ര സംഘം അന്വേഷണം നടത്തും. മൂന്ന് കണ്ടെത്തലുകളാണ് പ്രധാനം- ആക്രമണത്തിന് ഉപയോഗിച്ചത് ഖുദ്സ്-1 എന്ന പേരിലുള്ള മിസൈലാണ്. ഇറാന്‍ നിര്‍മിച്ച മിസൈലുകളുടെ ചെറു രൂപമാണിത്. ഇത് നേരത്തെയും സൌദിക്ക് നേരെ ഹൂതികളയച്ചിരുന്നു. ഇത് ഇറാനില്‍‌ നിന്നാണ് ഹൂതികള്‍ക്ക് എത്തുന്നതെന്ന് സൈന്യം കണ്ടെത്തിയതുമാണ്. ഇറാന്‍ നേരത്തെ നിര്‍മിച്ച തൂഫാന്‍ എന്ന പേരിലുള്ള ഡ്രോണുകള്‍ക്ക് സമാനമായവയാണ് അരാംകോയില്‍ പതിച്ചതെന്നാണ് മറ്റൊരു കണ്ടെത്തല്‍. ഇറാനിയന്‍ ഡെല്‍റ്റ വേവ് ഡ്രോണെന്നാണ് ഇതിനെ സൈന്യം വിശേഷിപ്പിക്കുന്നത്.

യമന്‍ അതിര്‍ത്തിയില്‍ നിന്നും 1000 കി.മി അകലമുണ്ട് ആക്രമണം നടന്ന പ്ലാന്റുകളിലേക്ക്. എന്നാല്‍ അരാംകോയില്‍ പതിച്ച ഡ്രോണുകള്‍ക്ക് പരമാവധി 400 കി.മീ മാത്രമേ സഞ്ചരിക്കാനാകൂ. അത്രയടുത്തുള്ളത് ഇറാഖും ഇറാനുമാണ്. അന്വേഷണം നടത്തുന്ന അന്താരാഷ്ട്ര സംഘത്തില്‍ യുഎന്നിനും സൌദിക്കും അമേരിക്കക്കും പുറമെ ഫ്രഞ്ച് വിദഗ്ധരുമുണ്ട്.