LiveTV

Live

Saudi Arabia

ഭക്തി നിര്‍ഭരം; കഅ്ബ കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായി

ഇന്ത്യൻ സ്ഥാനപതി ഔസാഫ് സെയ്ദും, വ്യവസായി എം.എ യൂസുഫലിയും സാദിഖലി ശിഹാബ് തങ്ങളും ചടങ്ങിൽ പങ്കെടുത്തു.

ഭക്തി നിര്‍ഭരം; കഅ്ബ കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായി

ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ മക്കയിൽ കഅ്ബ കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായി. സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഗവര്‍ണറും ഇരു ഹറം കാര്യാലയ മേധാവിയും പങ്കെടുത്തു. ഇന്ത്യൻ സ്ഥാനപതി ഔസാഫ് സെയ്ദും, വ്യവസായി എം.എ യൂസുഫലിയും സാദിഖലി ശിഹാബ് തങ്ങളും ചടങ്ങിൽ പങ്കെടുത്തു.

സുബ്ഹി നമസ്‌കാരത്തിന് ശേഷമാണ് ചടങ്ങ് ആരംഭിച്ചത്. മക്ക ഗവര്‍ണർ പ്രിൻസ് ഖാലിദ് അല്‍ഫൈസല്‍ നേതൃത്വം നല്‍കി. പനിനീര്‍ കലര്‍ത്തിയ സംസം വെള്ളം ഉപയോഗിച്ചാണ് കഅ്ബാലയത്തിന്റെ ഉള്‍വശം കഴുകിയത്. ഈ വെള്ളത്തില്‍ കുതിര്‍ത്ത തുണി ഉപയോഗിച്ച് ഉള്‍ഭാഗത്തെ ചുമരുകള്‍ തുടക്കുകയും ചെയ്തു. ചടങ്ങിന് ശേഷം ഗവര്‍ണറും അതിഥികളും ത്വവാഫ് കര്‍മം നിര്‍വഹിച്ചു.

മക്ക ഡെപ്യൂട്ടി ഗവർണർ പ്രിൻസ് ബന്ദര്‍ ബിന്‍ സുല്‍ത്താന്‍, ഹജ് ഉംറ കാര്യ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സ്വാലിഹ് ബന്‍തന്‍, ഹറംകാര്യ വകുപ്പ് മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ്, നയതതന്ത്ര പ്രതിനിധികൾ, കഅ്ബാലയ താക്കോല്‍ സൂക്ഷിപ്പുകാർ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ട വ്യക്തിത്വങ്ങൾ എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു.

ഇന്ത്യൻ സ്ഥാനപതി ഔസാഫ് സയ്യിദ്, കോൺസുൽ ജനറൽ നൂർ റഹ്മാൻ ശൈഖ്, വ്യവസായി എം. എ. യൂസുഫലി, സാദിഖലി ശിഹാബ് തങ്ങൾ, ലുലു സൗദി ഡയറക്ടർ ഷഹീം മുഹമ്മദ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.