LiveTV

Live

Saudi Arabia

സൗദിയിൽ 31 ലക്ഷം ഗാർഹിക തൊഴിലാളികൾ; ഏറ്റവും കൂടുതൽ ഹൗസ് ഡ്രൈവർമാർ

സൗദിയിൽ 31 ലക്ഷം ഗാർഹിക തൊഴിലാളികൾ; ഏറ്റവും കൂടുതൽ ഹൗസ് ഡ്രൈവർമാർ

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികളുടെ എണ്ണം മുപ്പത്തി ഒന്ന് ലക്ഷമെന്ന് റിപ്പോർട്ട്. ഹൗസ് ഡ്രൈവർമാരാണ് ഇവരിൽ പകുതിയിലേറെ പേരും. നാനൂറോളം വനിതകളും ഹൗസ് ഡ്രൈവർമാരായി ജോലി ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

പുരുഷന്മാരും വനിതകളും ഉൾപ്പെടുന്ന വിദേശ ഗാർഹിക തൊഴിലാളികളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യത്ത് നിലവിൽ 31,09,173 ഗാർഹിക തൊഴിലാളികളാണുള്ളത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇവരിൽ 16,66,042 പേർ ഹൗസ് ഡ്രൈവർമാരാണ്. 494 വനിതകളുമുണ്ട് ഇക്കൂട്ടത്തിൽ. മൊത്തം ഗാർഹിക തൊഴിലാളികളിൽ 53.6 ശതമാനവും ഹൗസ് ഡ്രൈവർമാരാണ്. തൊട്ടുപിന്നിൽ 44 ശതമാനം പേർ വീട്ടുവേലക്കാരും ശുചീകരണ തൊഴിലാളികളുമാണ്. 13,68,820 പേരാണ് ഈ വിഭാഗത്തിൽ ജോലിയെടുക്കുന്നത്. ഇതിൽ 3,64,631 പേർ പുരുഷന്മാരാണ്. വീടുകളിലും കെട്ടിടങ്ങളിലും റിസോർട്ടുകളിലും പരിപാലന ജോലികളിൽ ഏർപ്പെട്ട തൊഴിലാളികളുടെ എണ്ണം 30,506 ആണ്. ഇവരിലുമുണ്ട് 14 വനിതകൾ.