LiveTV

Live

Saudi Arabia

തൊളിലാളികള്‍ ദുരിതത്തിലായ സംഭവം; ഇന്ത്യന്‍ എംബസി ഇടപെടുന്നു

കണ്‍സ്ട്രക്ഷന്‍ കമ്പനി ജീവനക്കാര്‍ ദുരിതത്തില്‍ കഴിയുന്ന വാര്‍ത്ത നേരത്തെ മീഡിയാവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

തൊളിലാളികള്‍ ദുരിതത്തിലായ സംഭവം; ഇന്ത്യന്‍ എംബസി ഇടപെടുന്നു

സൗദിയിലെ ദമ്മാമില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലായ സംഭവത്തില്‍ ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍. തൊഴിലാളികളുടെ വിഷയം, ബന്ധപ്പെട്ട സൗദി സര്‍ക്കാര്‍ കേന്ദ്രങ്ങളെ നേരിട്ട് ധരിപ്പിച്ചതായി എംബസി അറിയിച്ചു. പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചു വരുന്നതായും ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

കണ്‍സ്ട്രക്ഷന്‍ കമ്പനി ജീവനക്കാര്‍ ദുരിതത്തില്‍ കഴിയുന്ന വാര്‍ത്ത നേരത്തെ മീഡിയാവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൊഴിലാളികളുടെ പ്രശ്‌നം ബന്ധപ്പെട്ട സൗദി സര്‍ക്കാര്‍ വകുപ്പുകളെ ശ്രദ്ധയില്‍പെടുത്തിയതായി ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ കുറിച്ചു. പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചു വരുന്നതായും ഉടന്‍ തൊഴിലാളികളുടെ കുടിശ്ശിക ശമ്പളവും സര്‍വീസ് മണിയും നേടി നാട്ടില്‍ എത്തിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും എംബസി അറിയിച്ചു.

ലേബര്‍ കോടതിയില്‍ നിന്നും തൊഴിലാളികള്‍ അനുകൂല വിധി നേടിയിട്ടുണ്ടെങ്കിലും കോടതി നിര്‍ദ്ദേശിച്ച തുക ഇത് വരെ കമ്പനി നല്‍കിയിട്ടില്ല. എഴുപതോളം മലയാളികള്‍ ഉള്‍പ്പെടെ ഇരുന്നൂറിലധികം ഇന്ത്യക്കാരാണ് കമ്പനിയുടെ കിഴക്കന്‍ പ്രവിശ്യയിലെ മൂന്ന് ക്യാമ്പുകളിലായി ദുരിതത്തില്‍ കഴിയുന്നത്.

ഭൂരിഭാഗം പേരുടെയും താമസ രേഖയും മെഡിക്കല്‍ ഇന്‍ഷൂറന്‍സും പുതുക്കിയിട്ട് മാസങ്ങളായി. എട്ട് മാസം മുമ്പ് ഇവര്‍ ഇന്ത്യന്‍ എംബസിക്കും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിനും സംസ്ഥാന സര്‍ക്കാറിനും നോര്‍ക്കക്കും പരാതി നല്‍കിയിരുന്നു.

എന്നാല്‍ ആരും വിഷയത്തില്‍ ഇടപെട്ടില്ലെന്ന പരാതിയും തൊഴിലാളികള്‍ അന്ന് ഉന്നയിച്ചിരുന്നു. തങ്ങളുടെ ശമ്പള കുടിശ്ശികയും സര്‍വീസ് മണിയും നേടി എത്രയും പെട്ടെന്ന് നാടണയാന്‍ സഹായിക്കണമെന്നാണ് മുഴുവന്‍ പേരുടെ ആവശ്യം.