LiveTV

Live

Saudi Arabia

അക്കൗണ്ടന്റുമാർക്കു രജിസ്‌ട്രേഷൻ നിർബന്ധമാക്കി; പുതിയ നിയമം ഇന്നലെ മുതൽ പ്രാബല്യത്തിൽ

അക്കൗണ്ടന്റുമാർക്കു രജിസ്‌ട്രേഷൻ നിർബന്ധമാക്കി; പുതിയ നിയമം ഇന്നലെ മുതൽ പ്രാബല്യത്തിൽ

സൗദിയിൽ അക്കൗണ്ടിങ് ജോലികളിലേർപ്പെടുന്നവർക്കുള്ള പുതിയ രജിസ്ട്രേഷൻ നിര്‍ബന്ധമാക്കി. ഇന്നലെ മുതൽ ആരംഭിച്ച പുതിയ നിയമം മലയാളികളുൾപ്പെടെയുള്ള വിദേശ തൊഴിലാളികൾക്ക് പുതിയ വെല്ലുവിളിയായി. താമസരേഖ എടുക്കുന്നതിനും പുതുക്കുന്നതിനും ജോലി മാറ്റത്തിനുമെല്ലാം രജിസ്ട്രേഷൻ നിർബന്ധ ഉപാധിയായിരിക്കുകയാണ്.

പുതിയ ഹിജ്‌റ വർഷാരംഭമായ ഇന്നലെ മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്. സൗദിയിൽ അക്കൗണ്ടിംഗ് വിഭാഗത്തിൽ ജോലി ചെയ്യുന്ന മുഴുവൻ വിദേശികൾക്കുമാണ് തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം രജിസ്ട്രേഷൻ നിർബന്ധമാക്കിയത്. പ്രത്യേക വെബ്സൈറ്റ് (https://eservice.socpa.org.sa) വഴിയാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്. താമസരേഖ എടുക്കൽ, പുതുക്കൽ, ജോലി മാറ്റത്തിനുമെല്ലാം രജിസ്ട്രേഷൻ നിർബന്ധ ഉപാധിയായി നിശ്ചയിച്ചിട്ടുണ്ട്. ഈ മേഖലയിലെ തൊഴിൽ അവസ്ഥകളും ആവശ്യകതകളും അറിയാൻ സഹായിക്കുന്നതാണ് പുതിയ നിയമമെന്ന് സൗദി സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി അഹ്മദ് അബ്ദുല്ല അൽമഗാമിസ് പറഞ്ഞു.

വ്യാജ സർട്ടിഫിക്കറ്റുകൾ തടയാനും അക്കൗണ്ടിങ്, ഓഡിറ്റ് മേഖല നൽകുന്ന സാധ്യതകൾ അറിയാനും ഇതുവഴി സാധിക്കും. അക്കൗണ്ടിങ് ജോലി സംബന്ധിച്ച് വിശദമായ പഠനത്തിനുള്ള അവസരവുമാണിത്. ഈ മേഖല വിദേശികളെ എത്രതോളം ആശ്രയിച്ചിരിക്കുന്നുവെന്നും സ്വദേശികൾ കുറവുള്ള തൊഴിലവസരങ്ങൾ ഏതെന്ന് അറിയാനും സാധിക്കും. മേഖലയിൽ ആളുകളെ കൂടുതൽ കഴിവുറ്റവരാകുന്നതിനും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിനും ഓർഗനൈസേഷൻ വിവിധ പരിശീലന പരിപാടികൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.