LiveTV

Live

Saudi Arabia

ടൂറിസം മേഖലയില്‍ വന്‍ കുതിപ്പിനൊരുങ്ങി സൗദി

രാജ്യത്തേക്ക് പ്രതിവര്‍ഷം നൂറ് ദശലക്ഷം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുക

ടൂറിസം മേഖലയില്‍ വന്‍ കുതിപ്പിനൊരുങ്ങി സൗദി

വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിപ്പിനൊരുങ്ങി സൗദി അറേബ്യ. ലോക സഞ്ചാരികളെ ആകര്‍ഷിക്കുന്ന മുന്‍നിര ആഗോള ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാക്കി രാജ്യത്തെ മാറ്റുമെന്ന് സൗദി ടൂറിസം കമ്മീഷന്‍ പ്രസിഡന്റ് പറഞ്ഞു. ഓരോ വര്‍ഷവും രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിവരുന്നതായും കമ്മീഷന്‍ പ്രസിഡന്റ് വ്യക്തമാക്കി.

രാജ്യത്തേക്ക് പ്രതിവര്‍ഷം നൂറ് ദശലക്ഷം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുക. രാജ്യത്ത് വിവിധ പ്രവിശ്യകളിലായി നടന്നു വരുന്ന സീസണ്‍ ഫെസ്റ്റിവെലുകള്‍ ഇതിന്റെ ഭാഗമായാണ് സംഘടിപ്പിച്ചു വരുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഓരോ മേളകളിലും വമ്പിച്ച സന്ദര്‍ശകരുടെ സാന്നിധ്യമാണ് അനഭവപ്പെടുന്നത്.

രാജ്യത്തെ ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ആദ്യ അഞ്ച് കേന്ദ്രങ്ങളില്‍ ഒന്നാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് സൗദി വിനോദ സഞ്ചാര വകുപ്പിന്റെയും ദേശീയ പൈതൃക കമ്മീഷന്റെയും നേതൃത്വം വഹിക്കുന്ന അഹ്മദ് അല്‍ഖതീബ് പറഞ്ഞു. രാജ്യത്ത് പുതിയ സാംസ്‌കാരിക പൈതൃക സംസ്‌കാരം കെട്ടി പടുക്കുന്നതിനാണ് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നതെന്നും. ഇത് വ്യത്യസ്ത മേഖലകളില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഇടയാക്കിയെന്നും അഹമദ് അല്‍ഖതീബ് പറഞ്ഞു.

തായിഫില്‍ നടന്നു വരുന്ന ഉക്കാദ് മേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അഹ്ദമദ് അല്‍ഖതീബ്. രണ്ടാഴ്ചക്കിടെ ഏഴര ലക്ഷത്തിലേറെ സന്ദര്‍ശകരാണ് മേള സന്ദര്‍ശിച്ചത്. വിനോദ സഞ്ചാര മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുവാന്‍ സ്വദേശികള്‍ മുന്നോട്ട് വരണമെന്നും അഹമദ് അല്‍ഖതീബ് കൂട്ടിചേര്‍ത്തു.