LiveTV

Live

Saudi Arabia

ഹജ്ജ്; നാളെ അറഫാ സംഗമം

മധ്യാഹ്നത്തോടെ അറഫയില്‍ സംഗമിക്കുന്ന ഹാജിമാര്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ അറഫാ പ്രഭാഷണത്തെ അനുസ്മരിപ്പിക്കുന്ന നമിറാ പള്ളിയിലെ വാക്കുകള്‍ക്ക് കാതോര്‍ക്കും

ഹജ്ജ്; നാളെ അറഫാ സംഗമം

ഇന്നു രാത്രി മുതല്‍ തിരക്ക് പിടിച്ച കര്‍മങ്ങളിലേക്ക് നീങ്ങുകയാണ് ഹാജിമാര്‍. മുഴുവന്‍ പാപങ്ങളും ഏറ്റു പറഞ്ഞ് പുതിയ ഒരു ജന്മത്തിലെന്ന പോലെയാണ് നാളെ അറഫയില്‍ നിന്നും ഇവര്‍ വിടവാങ്ങുക. കണ്ണീരില്‍ കുതിര്‍ന്നാകും അറഫയുടെ മണ്ണ് ഹാജിമാരെ മടക്കി അയക്കുക.

പാപമോചന പ്രാര്‍ഥനകളോടെ ലക്ഷോപ ലക്ഷം ഹാജിമാരുടെ കണ്ണീരില്‍ കുതിര്‍ന്ന മണ്ണാണ് അറഫാ. ഈ മണ്ണിലേക്കെത്തുകയാണ് നാളെ അള്ളാഹുവിന്റെ അതിഥികള്‍. മധ്യാഹ്നത്തോടെ അറഫയില്‍ സംഗമിക്കുന്ന ഹാജിമാര്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ അറഫാ പ്രഭാഷണത്തെ അനുസ്മരിപ്പിക്കുന്ന നമിറാ പള്ളിയിലെ വാക്കുകള്‍ക്ക് കാതോര്‍ക്കും. കാരുണ്യത്തിന്റേതെന്ന് വിശേഷണമുള്ള പര്‍വതത്തിന് താഴെ അവരോരുത്തരും പിന്നെ സൂര്യാസ്തമയം വരെ ഒറ്റക്കും കൂട്ടായും അവര്‍‌ അള്ളാഹുവിനെ വിളിക്കും. കാവലും പാപമോചനവും തേടും.

കണ്ണീര് വീഴാതെ മടങ്ങില്ല ഒരു ഹാജിയും അറഫയില്‍ നിന്ന്. വര്‍ണവും വര്‍ഗവും ദേശവും മറന്ന് ഒരേ മനസ്സോടെ ഒരേ വസ്ത്രത്തിലുള്ള ഹാജിമാര്‍ അറഫയോട് സൂര്യാസ്തമയത്തോടെ വിടപറയും. ആകാശം മേല്‍ക്കൂരയാക്കി മുസ്ദലിഫയെന്ന ഇടത്താവളത്തില്‍ അള്ളാഹുവെ കിനാവു കണ്ടുറങ്ങും.

പിന്നെ മുസ്ദലിഫയില്‍ നിന്നും കല്ലുകള്‍ ശേഖരിച്ച് ജംറാത്തിലെ പിശാചിന്റെ സ്തൂപത്തിനരികിലെത്തും. കല്ലെറിഞ്ഞോടിക്കും മനസ്സിനുള്ളിലെ പിശാചിനെ. പിന്നെ കഅ്ബ കണ്ട് മടങ്ങും. പുതിയ ജീവിതത്തിലേക്ക്.