LiveTV

Live

Saudi Arabia

സൗദിയില്‍ എണ്ണയിതര വരുമാനത്തില്‍ വന്‍ വര്‍ധനവ്

ഈ വര്‍ഷത്തെ രണ്ടാം പാദ ത്രൈമാസ സാമ്പത്തിക റിപ്പോര്‍ട്ടിലാണ് വര്‍ധനവ് രേഖപ്പെടുത്തിയത്

സൗദിയില്‍ എണ്ണയിതര വരുമാനത്തില്‍ വന്‍ വര്‍ധനവ്

സൗദിയില്‍ എണ്ണയിതര വരുമാനത്തില്‍ വന്‍ വര്‍ധനവ്. നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദ റിപ്പോര്‍ട്ടിലാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എണ്ണയിതര വരുമാനം 15 ശതമാനത്തോളം വര്‍ധിച്ചതായി വ്യക്തമാക്കുന്നത്. രാജ്യത്ത് നടപ്പിലാക്കിയ മൂല്യ വര്‍ധിത നികുതിയും ലെവിയുമാണ് നികുതി വരുമാനത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധനവ് രേഖപ്പെടുത്താന്‍ ഇടയാക്കിയത്.

ഈ വര്‍ഷത്തെ രണ്ടാം പാദ ത്രൈമാസ സാമ്പത്തിക റിപ്പോര്‍ട്ടിലാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. എണ്ണയിതര വരുമാനത്തില്‍ 14.4 ശതമാനത്തിന്‍റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ധനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ജദ്ആന്‍ ആണ് റിപ്പോര്‍ട്ട് വിശദീകരിച്ചത്.

സേവനങ്ങളുടെയും ചരക്കുകളുടെയും മൂല്യ വര്‍ധിത നികുതിയിനത്തിലും ലെവി ഇനത്തിലുമാണ് ഏറ്റവും കൂടുതല്‍ വര്‍ധനവ്. 48 ശതമാനം വര്‍ധനവാണ് ഈ മേഖലയില്‍ നിന്നും രേഖപ്പെടുത്തിയത്. വ്യാപാര അന്താരാഷ്ട്ര ഇടപാടുകളിലെ നികുതിയിനത്തില്‍ പത്ത് ശതമാനവും വര്‍ധനവ് രേഖപ്പെടുത്തി.

എണ്ണ വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 15 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായും ധനമന്ത്രി വ്യക്തമാക്കി. ചിലവ് ഇനത്തില്‍ സാമൂഹിക ആനുകൂല്യങ്ങളും തൊഴില്‍ നഷ്ടപരിഹാരങ്ങളും വഴി മൂന്ന് ശതമാനം അധിക തുക ചെലവഴിക്കേണ്ടി വന്നതായും മന്ത്രി പറഞ്ഞു.

കൂടാതെ സ്വകാര്യ മേഖലയെ പ്രോല്‍സാഹിപ്പിക്കുന്നതിന് പ്രഖ്യാപിച്ച സബ്‌സീഡികള്‍, സാമൂഹിക പരിരക്ഷാ പരിപാടികള്‍ എന്നിവക്കുള്ള ചെലവുകള്‍ 13 മുതല്‍ 22 ശതമാനം വരെയായി വര്‍ധിച്ചതായും മന്ത്രി വ്യക്തമാക്കി.