LiveTV

Live

Saudi Arabia

ദമ്മാമില്‍ ജോലിയും ശമ്പളവുമില്ലാതെ കഴിയുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനി തൊഴിലാളികളുടെ പ്രശ്‌ന പരിഹാരത്തിന് സമിതിയെ നിയോഗിച്ചു

സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയമാണ് സമിതിയെ നിശ്ചയിച്ചത്

ദമ്മാമില്‍  ജോലിയും ശമ്പളവുമില്ലാതെ കഴിയുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനി തൊഴിലാളികളുടെ പ്രശ്‌ന പരിഹാരത്തിന് സമിതിയെ നിയോഗിച്ചു

സൗദിയിലെ ദമ്മാമില്‍ മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലായ പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ തൊഴിലാളികളുടെ പ്രശ്‌ന പരിഹാരത്തിന് സമിതിയെ നിയോഗിച്ചു. സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയമാണ് സമിതിയെ നിശ്ചയിച്ചത്. അയ്യായിരത്തോളം ഇന്ത്യക്കാരുടെ ദുരിത ജീവിതത്തെ കുറിച്ചുള്ള വാര്‍ത്ത നേരത്തെ മീഡിയാവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കിഴക്കന്‍ പ്രവിശ്യ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥരും ഇന്ത്യന്‍ എംബസി വെല്‍ഫയര്‍ വിഭാഗം പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌ന പരിഹാരത്തിനായി സമിതിയെ നിയോഗിക്കാന്‍ ധാരണയായത്. പ്രതിസന്ധിയിലായ കമ്പനി ജീവനക്കാരിലെ 80 ശതമാനത്തോളം വരുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നത്തിന് മൂന്ന് മാസത്തിനകം പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കിയതായി പ്രവിശ്യ മന്ത്രാലയ മേധാവി അബ്ദുറഹ്മാന്‍ അല്‍ മുഖ്ബില്‍ പറഞ്ഞു. തൊഴിലാളികളുടെ എണ്ണം വളരെ കൂടുതലായതിനാല്‍ സ്ഥിതിഗതികള്‍ സസൂക്ഷമം നിരീക്ഷിച്ചു വരികയാണ്.

അടിയന്തിരമായി തൊഴിലാളികളുടെ താമസവും ഭക്ഷണവും വെള്ളവും വൈദ്യുതിയും ആരോഗ്യ പരിചരണവും ഉറപ്പ് വരുത്താന്‍ നിര്‍ദ്ദേശം നല്‍കിയതായും അബ്ദുറഹ്മാന്‍ അല്‍ മുഖ്ബില്‍ പറഞ്ഞു. സ്ഥാപനത്തില്‍ 10800 തൊഴിലാളികളാണ് മൊത്തം ഉണ്ടായിരുന്നത്. തുടര്‍ച്ചയായ ഇടപെടലുകളിലൂടെ നിരവധി പേരുടെ പ്രശനത്തിന് പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞതായും അദ്ദേഹം കൂട്ടിചേര്‍ത്തു.

നിലവില്‍ 4336 പേരാണ് പ്രശ്‌ന പരിഹാരം കാത്ത് കഴിയുന്നത്. ഇവരുടെ വേതന കുടിശ്ശികയും സര്‍വീസ് ആനുകൂല്യങ്ങളും നല്‍കി സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുവാനോ അല്ലെങ്കില്‍ സ്വദേശങ്ങളിലേക്ക് മടക്കി അയക്കുന്നതിനോ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയ ഉപമേധാവി മുഹമ്മദ് അല്‍അത്‌റശ് വ്യക്തമാക്കി.