LiveTV

Live

Saudi Arabia

വിദേശ അക്കൗണ്ടന്റുമാര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി സൗദി

വ്യാജന്മാരെ കണ്ടെത്തി മേഖലയില്‍ തൊഴില്‍ നൈപുണ്യമുള്ളവരെ നിലനിര്‍ത്തുകയാണ് ലക്ഷ്യം

വിദേശ അക്കൗണ്ടന്റുമാര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി സൗദി

സൗദിയില്‍ അക്കൌണ്ടന്റ് ജോലി ചെയ്യുന്ന വിദേശികളെല്ലാം തൊഴില്‍ ചെയ്യാന്‍ രജിസ്ട്രേഷന്‍‌ പൂര്‍ത്തിയാക്കണമെന്ന നിയമം ഉടന്‍ പ്രാബല്യത്തിലാകും. വ്യാജ സര്‍ട്ടിഫിക്കറ്റുകളും അംഗീകൃത കോഴ്സുകളുമില്ലാതെ ജോലി ചെയ്യുന്നവരെ പിടികൂടാനാണ് പദ്ധതി. തൊഴില്‍ മന്ത്രാലയവും പബ്ലിക് അക്കൌണ്ട്സ് ഓര്‍ഗനൈസേഷനുമായി സഹകരിച്ചാണ് പദ്ധതി.

എഞ്ചിനീയറിങ് - ടെക്നീഷ്യന്‍ മേഖലയിലുള്ളവര്‍ക്ക് രജിസ്ട്രേഷനില്ലാതെ നിലവില്‍ താമസ രേഖ അഥവാ ഇഖാമ പുതുക്കാനാകില്ല. സമാന സ്വഭാവത്തിലാണ് അക്കൌണ്ട് മേഖലയിലും പുതിയ പരിഷ്കാരം. വ്യാജ സര്‍ട്ടിഫിക്കറ്റുകളും തൊഴില്‍ നൈപുണ്യവും അംഗീകൃത കോഴ്സുകളുമില്ലാത്തവരെ പിടികൂടുകയാണ് ലക്ഷ്യം.

തൊഴില്‍ മന്ത്രാലയത്തിന് കീഴിലാണ് പദ്ധതി. സൌദിയിലെ സര്‍ട്ടിഫൈഡ് പബ്ലിക് അക്കൌണ്ട് ഓര്‍ഗനൈസേഷനുമായി (SOCPA) സഹകരിച്ചാണ് പദ്ധതി. അക്കൌണ്ടിങ് ഓഡിറ്റിങ് മേഖലയില്‍ ഭാവിയിലെ പരിഷ്കരണം കൂടി ലക്ഷ്യം വെച്ചാണ് പദ്ധതി. പതിനായിരത്തോളം ഉയര്‍ന്ന് അക്കൌണ്ടിങ് തസ്തികകള്‍ രാജ്യത്തുണ്ടെന്നാണ് അനൌദ്യോഗിക കണക്ക്. ഇതില്‍ പകുതിയോളം പേര്‍ വിദേശികളാണ്.

നിലവില്‍ 1972 പേര്‍ അക്കൌണ്ടന്റ് ജോലിക്കായുള്ള രജിസ്ട്രേഷന്‍ നടത്തിയിട്ടുണ്ട്. പരിശോധനയില്‍ 55 പേര്‍ക്ക് മതിയായ യോഗ്യതയില്ലെന്നും കണ്ടെത്തി. ഈ സാഹചര്യത്തില്‍ പുതിയ പരിഷ്കാരം ഉടന്‍ പ്രാബല്യത്തിലാക്കാനുള്ള ശ്രമത്തിലാണ് തൊഴില്‍ മന്ത്രാലയം.

വിദേശികള്‍ ശ്രദ്ധിക്കേണ്ടത്:

അക്കൌണ്ടിങ് പ്രൊഫഷനുകളില്‍‌ സിംഹഭാഗവും നിലവില്‍ സ്വദേശിവത്കരണത്തിന് വിധേയമാകാന്‍ പോവുകയാണ്. ഇത് ഘട്ടം ഘട്ടമായി പൂര്‍ത്തിയാകാന്‍ സമയമെടുക്കും. സൌദിയില്‍ ജോലി ചെയ്യുന്ന വിദേശികളോടെല്ലാം നിയമം പ്രാബല്യത്തിലാകുന്ന ഉടന്‍ രജിസ്ട്രേഷന്‍ പൂര്‍‌ത്തിയാക്കാന്‍ ആവശ്യപ്പെടും.

ഇക്കാരണത്താല്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ ഉറപ്പു വരുത്തുകയും മതിയായ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ കരുതി വെക്കുകയും വേണ്ടി വരും. ഇവ കയ്യില്‍ ഉറപ്പു വരുത്തുകയാണ് വേണ്ടത്. ജോലി ചെയ്ത ഇടങ്ങളില്‍ നിന്ന് മതിയായ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ കയ്യിലുണ്ടാകണം.

സര്‍വകലാശാല ബിരുദമുള്ളവരുടെ സര്‍ട്ടിഫിക്കറ്റുകളില്‍ അറ്റസ്റ്റേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം. സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് മൂന്ന് മാസം വരെ സമയമെടുക്കാറുണ്ട് കേരളത്തിലെ സര്‍വകലാശാലകളില്‍. ഇത് വേഗത്തില്‍ പൂര്‍ത്തിയാക്കി വെക്കുന്നതും നിയമം പ്രാബല്യത്തിലാകുന്നതോടെ ഗുണം ചെയ്യും. കൂടുതല്‍ വിശദാംശങ്ങള്‍ മന്ത്രാലയം സമഗ്രമായി പുറത്ത് വിടുന്ന സമയത്ത് തന്നെ മീഡിയവണിലൂടെ അറിയാം.