LiveTV

Live

Saudi Arabia

അനുമതിയില്ലാതെ മക്കയിലേക്ക് പ്രവേശിച്ച 76,500 പേരെ പൊലീസ് പിടികൂടി തിരിച്ചയച്ചു

അനുമതിയില്ലാതെ മക്കയിലേക്ക് പ്രവേശിച്ച 76,500 പേരെ പൊലീസ് പിടികൂടി തിരിച്ചയച്ചു

അനുമതി പത്രമില്ലാതെ മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച നിരവധി പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഹജ്ജിന്റെ ഭാഗമായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മക്കയിലേക്ക് പ്രവേശിക്കാന്‍ വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. മക്ക ഇഖാമയുള്ളവര്‍ക്കും, പ്രത്യേക അനുമതി പത്രമുള്ളവര്‍ക്കും പ്രവേശനത്തിന് നിയന്ത്രണങ്ങളില്ല.

കഴിഞ്ഞ മാസം 28 മുതലാണ് മക്കയിലേക്ക് പ്രവേശിക്കാന്‍ വിദേശികള്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയത്. അന്ന് മുതല്‍ ഇക്കഴിഞ്ഞ ശനിയാഴ്ച വരെ, ഒമ്പത് ദിവസങ്ങള്‍ക്കകം മുക്കാല്‍ ലക്ഷത്തില്‍ പരം (76500) ആളുകളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചെക്ക് പോസ്റ്റുകളില്‍ നിന്ന് പിടികൂടി തിരിച്ചയച്ചു. മുപ്പതിനായിരത്തോളം (29500) വാഹനങ്ങളേയും തിരിച്ചയച്ചിട്ടുണ്ട്. ഇതേ കാലയളവില്‍ കഴിഞ്ഞ വര്‍ഷം അമ്പതിനായിരത്തില്‍ താഴെ (47,300) ആളുകളേയും, ഇരുപതിനായിരത്തോളം (22,100) വാഹനങ്ങളേയുമായിരുന്നു തിരിച്ചയച്ചത്. മക്കയിലൊട്ടാകെ ട്രാഫിക്, ജവാസാത്ത്, ജയില്‍ തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ശക്തമായ പരിശോധനകളാണ് നടന്ന് വരുന്നത്. അനുമതി പത്രമില്ലാതെ മക്കയിലേക്ക് പ്രവേശിച്ച് പിടിക്കപ്പെടുന്നവരെ നാട് കടത്തുകയാണ് ശിക്ഷ.