LiveTV

Live

Saudi Arabia

സൗദിയുടെ വമ്പന്‍ പദ്ധതികള്‍ തൊഴിലില്ലായ്മക്ക് പരിഹാരമെന്ന് റിപ്പോര്‍ട്ട്

ഘട്ടം ഘട്ടമായി വിദേശ ജോലിക്കാരെ മാറ്റി പകരം സ്വദേശികളെ നിയമിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സൗദിയുടെ വമ്പന്‍ പദ്ധതികള്‍ തൊഴിലില്ലായ്മക്ക് പരിഹാരമെന്ന് റിപ്പോര്‍ട്ട്

സൗദിയില്‍ പ്രഖ്യാപിച്ച വമ്പന്‍ പദ്ധതികള്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറക്കാന്‍ സഹായിക്കുമെന്ന് പുതിയ പഠനം. തുടര്‍ന്നും കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കാനും വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാനും പഠന റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

ബാങ്ക് ഓഫ് അമേരിക്ക മെറിലിഞ്ച് (ബോഫാം) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കൂടുന്നതായുള്ള വിവരങ്ങളടങ്ങിയിട്ടുള്ളത്. എന്നാല്‍ രാജ്യത്ത് അടുത്തിടെ പ്രഖ്യാപിച്ച സൗദി അരാംകോ, സാബിക്, പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എന്നിവക്ക് കീഴിലുള്ള വമ്പന്‍ പ്രൊജക്ടുകള്‍ വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മക്ക് പരിഹാരമാകുമെന്നും സര്‍വേ വ്യക്തമാക്കുന്നു. ഇത് ദേശീയ പരിവര്‍ത്തന പദ്ധതിയായ വിഷന്‍-2030ന്റെ ലക്ഷ്യ പൂര്‍ത്തീകരണത്തിന് സഹായകമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

തൊഴിലില്ലായ്മാ നിരക്ക് നിലവിലെ 12.8 ശതമാനത്തില്‍ നിന്നും ഏഴ് ശതമാനമായി കുറക്കുക, തൊഴില്‍ രംഗത്ത് വനിതകളുടെ പങ്കാളിത്തം ഇരുപത്തിരണ്ടില്‍ നിന്നും മുപ്പത് ശതമാനമായി ഉയര്‍ത്തുക എന്നിവ സുപ്രധാന ലക്ഷ്യങ്ങളാണ്.

എന്നാല്‍ തൊഴിലില്ലായമ നിരക്ക് ഗണ്യമായി വര്‍ധിക്കുന്നത് ലക്ഷ്യ പൂര്‍ത്തീകരണത്തിന് വെല്ലുവിളിയാണെന്നും ഇത് പരിഹരിക്കുന്നതിന് കൂടുതല്‍ പദ്ധതികള്‍ അത്യാവശ്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഒപ്പം ഘട്ടം ഘട്ടമായി വിദേശ ജോലിക്കാരെ മാറ്റി പകരം സ്വദേശികളെ നിയമിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.