LiveTV

Live

Saudi Arabia

സൗദി അബഹ വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം തുടരുന്നു

ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ഡ്രോൺ ആക്രമണം ഉണ്ടാകുന്നത്

സൗദി  അബഹ  വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം തുടരുന്നു

സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യെമനിൽ നിന്നും ഹൂത്തികളുടെ ഡ്രോൺ ആക്രമണം തുടരുന്നു. ഇന്നലെ അർദ്ധരാത്രി രണ്ടു പ്രാവശ്യമാണ് ആക്രമണമുണ്ടായത്. വിമാനത്താവളത്തിന് മുമ്പിൽ പതിച്ച ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനുൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേറ്റു.

ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ഡ്രോൺ ആക്രമണം ഉണ്ടാകുന്നത്. ഇന്നലെ രാത്രി 9നും 12:35 നുമായി രണ്ടു ഡ്രോണുകളാണ് വിമാനത്താവളത്തെ ലക്ഷ്യം വെച്ച് ഹൂത്തികൾ വിട്ടത്. ആദ്യ ഡ്രോൺ സൗദി സഖ്യ സേന ആകാശത്തു വെച്ച് തന്നെ തകർത്തിരുന്നു. എന്നാൽ രണ്ടാമത് വന്ന ഡ്രോൺ വിമാനത്താവളത്തിന് മുമ്പിൽ പതിക്കുകയായിരുന്നു.

ആക്രമണത്തിൽ ഒമ്പത് പേർക്ക് പരിക്ക് പറ്റിയതായി സൗദി പ്രസ് ഏജൻസി അറിയിച്ചു. എട്ടു സ്വദേശികൾക്കും ഒരു ഇന്ത്യക്കാരനുമാണ് പരിക്ക്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഡ്രോൺ ആക്രമണം കാരണം സൗദിയിലെ മറ്റു വിമാനത്താവളങ്ങളിലെ വിമാന സർവീസുകളും മണിക്കൂറുകൾ താറുമാറായെങ്കിലും പിന്നീട് സാധാരണ നിലയിലായി.

കഴിഞ്ഞ മാസം മാത്രം പതിനഞ്ചിലേറെ ഡ്രോണ്‍, മിസൈലാക്രമണങ്ങളാണ് സൌദിക്ക് നേരെയുണ്ടായത്. ഇതിൽ മൂന്നു തവണയും അബഹ വിമാനത്താവള പരിസരത്തു ഡ്രോണുകൾ പതിക്കുകയുമുണ്ടായി. ആക്രമണങ്ങളിൽ ഇതുവരെയായി ഒരു സിറിയക്കാരൻ കൊല്ലപ്പെടുകയും അമ്പത്തി ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അതിനിടെ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചു സാധാരണ ജനങ്ങൾക്ക് നേരെ ഇറാൻ പിന്തുണയോടെ ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് അറബ് സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലിക്കി അറിയിച്ചു.