LiveTV

Live

Saudi Arabia

ഇറാനെതിരെ ആഗോള സഖ്യം രൂപീകരിക്കാന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി സൗദിയിലെത്തി

പ്രശ്ന പരിഹാരങ്ങള്‍ക്ക് ഇറാനുമായി ഉപാധികളില്ലാത്ത ചര്‍ച്ചക്ക് സന്നദ്ധമാണെന്ന യു.എസ് നിലപാടും പോംപിയോ അവതരിപ്പിച്ചു

ഇറാനെതിരെ ആഗോള സഖ്യം രൂപീകരിക്കാന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി സൗദിയിലെത്തി

പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കെ ഇറാനെതിരെ ആഗോള സഖ്യം രൂപീകരിക്കാനായി അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി മൈക് പോംപിയോ സൗദിയിലെത്തി. യു.എ.ഇ, ബഹ്റൈന്‍ രാഷ്ട്ര നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ഇന്ന് രാവിലെയാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ സൗദിയിലെത്തിയത്. ഇറാനുമായുള്ള പ്രശ്നം രൂക്ഷമാകുന്നതിനിടെയാണ് സന്ദര്‍ശനം. ഭരണാധികാരി സല്‍മാന്‍ രാജാവുമായി പോംപിയോ ഇവ്വിഷയത്തില്‍ ചര്‍ച്ച നടത്തി. ഹൂതി ആക്രമണമുള്‍പ്പെടെ മേഖലയിലെ പ്രശ്നങ്ങള്‍ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തു. ഇറാനെതിരായ ഗള്‍ഫ് ഐക്യമുറപ്പിക്കലും സന്ദര്‍ശന ലക്ഷ്യമാണ്. നയതന്ത്രപരമായി എങ്ങിനെ ഗള്‍ഫുമായി ബന്ധം ഊഷ്മളമാക്കാം എന്നതുള്‍പ്പെടെ, ഇറാന്‍ ഭീഷണിയുള്ള രാജ്യങ്ങളുടെ ആഗോള ഐക്യം സൃഷ്ടിക്കലാണ് ലക്ഷ്യമെന്നും പോംപിയോ പ്രതികരിച്ചു.

ഇറാനെതിരായ സൈനിക നീക്കം അവസാന നിമിഷം യു.എസ് ഉപേക്ഷിച്ചിരുന്നു. പ്രശ്ന പരിഹാരങ്ങള്‍ക്ക് ഇറാനുമായി ഉപാധികളില്ലാത്ത ചര്‍ച്ചക്ക് സന്നദ്ധമാണെന്ന യു.എസ് നിലപാടും പോംപിയോ അവതരിപ്പിച്ചു. യു.എ.ഇയിലേക്കാണ് പോംപിയോയുടെ അടുത്ത സന്ദര്‍ശനം.