LiveTV

Live

Saudi Arabia

ഹാജിമാരുടെ ലഗേജുകള്‍ താമസസ്ഥലത്തേക്ക് നേരിട്ടെത്തിക്കാന്‍ സൗദി

വിമാനത്താവളങ്ങളിൽ ലഗേജിനായുള്ള തീർത്ഥാടകരുടെ കാത്തിരിപ്പ് ഒഴിവാക്കുകയാണ് പുതിയ തീരുമാനം കൊണ്ട് ഹജ്ജ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

ഹാജിമാരുടെ ലഗേജുകള്‍ താമസസ്ഥലത്തേക്ക് നേരിട്ടെത്തിക്കാന്‍ സൗദി

ജിദ്ദ വിമാനത്താവളം വഴിയെത്തുന്ന ഹജ്ജ് തീർത്ഥാടകരുടെ ലഗേജുകൾ ഇനി നേരിട്ട് തീർത്ഥാടകരുടെ താമസസ്ഥലങ്ങളിലെത്തും. ലഗേജുകൾ നീക്കം ചെയ്യുന്നതിനായി സൗദി ഹജ്ജ് ഉംറ മന്ത്രാലയവും കസ്റ്റംസ് ജനറൽ അതോറിറ്റിയും തമ്മിൽ ധാരണയിൽ ഒപ്പുവെച്ചു. പുതിയ തീരുമാനം തീർഥാടകർക്ക് വലിയ ആശ്വാസമാകും.

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള ഹജ്ജ് ടെർമിനലിലെത്തുന്ന തീർഥാടകരുടെ ലഗേജുകൾ താമസ കേന്ദ്രങ്ങളിൽ നേരിട്ടെത്തിക്കാനാണ് കസ്റ്റംസ് ജനറൽ അതോറിറ്റിയുമായി ഹജ്ജ്, ഉംറ മന്ത്രാലയം കരാറിലെത്തിയിരിക്കുന്നത്. ജിദ്ദ ഹജ്ജ് ഉംറ മന്ത്രാലയ ബ്രാഞ്ച് ഓഫീസ് മേധാവി എൻജിനീയർ മർവാൻ അൽസുലൈമാനിയും ജിദ്ദ വിമാനത്താവള കസ്റ്റംസ് മേധാവി മിഅ്അൽ ബിൻ ഹുസൈൻ അൽസുബൈദിയും തമ്മിലാണ് കരാർ ഒപ്പുവെച്ചത്.

ഒന്നാം ഘട്ടത്തിൽ ഇന്ത്യ, തുർക്കി, മെറോക്കോ, അൽജിരീയ, തൂനിഷ്യ, കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരുടെ ലഗേജുകളാണ് താമസ കേന്ദ്രങ്ങളിലെത്തിക്കുക. രണ്ടാം ഘട്ടത്തിൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തും.

വിമാനത്താവളങ്ങളിൽ ലഗേജിനായുള്ള തീർത്ഥാടകരുടെ കാത്തിരിപ്പ് ഒഴിവാക്കുക, യാത്ര നടപടികൾ എളുപ്പത്തിലാക്കുക തുടങ്ങിയവയാണ് പുതിയ തീരുമാനം കൊണ്ട് ഹജ്ജ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

ഹജ്ജ് ടെർമിനലിൽ തിരക്കേറുന്നതോടെ പലപ്പോഴും ലഗേജിനായുള്ള കാത്തിരിപ്പും വാഹനങ്ങളിൽ കയറ്റുന്നതടക്കമുള്ള നടപടികൾക്കും വേണ്ടി തീർത്ഥാടകർ കൂടുതൽ സമയം കാത്തിരിക്കേണ്ടിവരാറുണ്ട്. പ്രായം കൂടിയ തീർത്ഥാടകർക്ക് ഇത് ഏറെ പ്രയാസങ്ങളും ഉണ്ടാക്കാറുണ്ട്. പുതിയ തീരുമാനം നടപ്പിലാക്കുന്നതോടെ ജിദ്ദ വിമാനത്താവളത്തിറങ്ങുന്ന തീർത്ഥാടകർക്ക് എത്രയും വേഗം മക്കയിലെത്താൻ സാധിക്കും.