LiveTV

Live

Saudi Arabia

അബഹ വിമാനത്താവള ആക്രമണം; അപലപിച്ച് ഗള്‍ഫ് രാഷ്ട്രങ്ങള്‍

തിരിച്ചടിച്ച് അറബ് സഖ്യസേന

അബഹ വിമാനത്താവള ആക്രമണം; അപലപിച്ച് ഗള്‍ഫ് രാഷ്ട്രങ്ങള്‍

സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ അറബ് രാജ്യങ്ങള്‍ അപലപിച്ചു. ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ നടത്തുന്ന ആക്രമണത്തെ ചെറുക്കുമെന്ന് സൗദി സഖ്യസേന പ്രഖ്യാപിച്ചു. സിവിലിയന്മാർക്ക് നേരെ നടത്തിയ പ്രകടമായ ആക്രമണമാണ് ഇതെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് കുറ്റപ്പെടുത്തി. ഇതിന് പിന്നാലെ സൗദി സഖ്യസേന യമനില്‍ ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണം ശക്തമാക്കി.

അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധവുമായി അറബ് രാഷ്ട്രങ്ങള്‍. അറബ് ലീഗും ഓഐസിയും ആക്രമണത്തെ അപലപിച്ചു. ഇറാന്‍ പിന്തുണയോടെയാണ് ഹൂതികള്‍ക്ക് ആയുധം ലഭിക്കുന്നതെന്ന് സൗദി സഖ്യസേന ആവര്‍ത്തിച്ചു. പുലര്‍ച്ചെ വിമാനത്താവളത്തില്‍ പതിച്ച മിസൈലും വിദഗ്ദര്‍ പരിശോധിക്കുന്നുണ്ട്.

ആക്രമണം ഹൂതികള്‍ ഏറ്റെടുത്തതിന് പിന്നാലെ യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ സഖ്യസേന ആക്രമണം ശക്തമാക്കി. നജ്റാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കൂടുതല്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. യമന്‍ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഹൂതികള്‍ക്കെതിരെ സൈന്യം ആക്രമണം ശക്തമാക്കിയത്. നജ്റാനും ഖമീശ് മുശൈത്തും ഉള്‍പ്പെടെ തുടര്‍ച്ചയായി മൂന്ന് ദിനം വിമാനത്താവളങ്ങള്‍ ലക്ഷ്യം വെച്ച് ഹൂതി ആക്രമണ ശ്രമം നടന്നു. ഇതോടെ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാണ്.