LiveTV

Live

Saudi Arabia

സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണം

യമന്‍ സമാധാന ചര്‍ച്ചങ്ങള്‍ അലസിയതോടെ ഹൂതികളും സൗദി സഖ്യസേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാണ്.

സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണം

സൗദി അറേബ്യക്ക് നേരെ വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമണശ്രമം. ഖമീസ് മുശൈത്ത് പട്ടണം ലക്ഷ്യമാക്കിയാണ് ഡ്രോണുകളെത്തിയത്. ആയുധം നിറച്ച രണ്ട് ഡ്രോണുകളും തകര്‍ത്തതായി സഖ്യസേന അറിയിച്ചു. ഒരു മാസത്തിനിടെ 12 തവണയാണ് സൗദിക്ക് നേരെ ആക്രമണം നടക്കുന്നത്.

യമന്‍ സമാധാന ചര്‍ച്ചങ്ങള്‍ അലസിയതോടെ ഹൂതികളും സൗദി സഖ്യസേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാണ്. നജ്റാന്‍ അതിര്‍ത്തിയിലടക്കം സൈന്യം സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്ന് തവണയാണ് സൗദിയെ ഹൂതികള്‍ ലക്ഷ്യം വെച്ചത്.

കഴിഞ്ഞ ദിവസം ജിസാന്‍ വിമാനത്താവളത്തിലേക്ക് ആളില്ലാ വിമാനമയച്ചതായി ഹൂതികള്‍ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഖമീശ് മുശൈത്തിലേക്ക് ആയുധം നിറച്ച് ഡ്രോണുകളെത്തിയത്. ജനവാസ മേഖല ലക്ഷ്യം വെച്ചെത്തിയ ഡ്രോണുകള്‍ തകര്‍ത്തതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

അബ്ഹയിലെ വ്യോമസേന കേന്ദ്രമാണ് ഹൂതികൾ ലക്ഷ്യം വെച്ചതെന്ന് ഹൂതി അനുകൂല ടിവി അവകാശപ്പെട്ടു. ഇതിനിടെ യമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം ശക്തമാക്കിയതായി സഖ്യസേന അറിയിച്ചു.