LiveTV

Live

Saudi Arabia

സമാധാന കരാറിന് ഒരുക്കമാണെന്ന ഇറാന്‍ നിലപാടിനോട് പ്രതികരിക്കാതെ ഗള്‍ഫ് രാജ്യങ്ങള്‍

വ്യാഴാഴ്ച മക്കയില്‍ ചേരുന്ന ജിസിസി നേതൃയോഗത്തില്‍ നിലപാട് പ്രഖ്യാപിച്ചേക്കും

സമാധാന കരാറിന് ഒരുക്കമാണെന്ന ഇറാന്‍ നിലപാടിനോട് പ്രതികരിക്കാതെ ഗള്‍ഫ് രാജ്യങ്ങള്‍

ഗൾഫ്​ രാജ്യങ്ങളുമായി സമാധാന കരാറിന് ഒരുക്കമാണെന്ന ഇറാന്റെ ആഹ്വാനത്തിന്​ തണുത്ത പ്രതികരണം. പരസ്​പരം ആക്രമിക്കില്ലെന്ന കരാർ രൂപപ്പെടുത്തിയതു കൊണ്ടു മാത്രമായില്ലെന്നാണ്​ ഗൾഫ്​ രാജ്യങ്ങളുടെ നിലപാട്​. ഈ മാസം മുപ്പതിന്​ മക്കയിൽ ചേരുന്ന അറബ്​, മുസ്​ലിം രാജ്യങ്ങളുടെ നേതൃയോഗം ഇറാന്റെ അഭ്യര്‍ഥന തള്ളിയേക്കും.

ആറ്​ ഗൾഫ്​ രാജ്യങ്ങളുമായി പരസ്​പരം ആക്രമിക്കില്ലെന്ന കരാറിൽ ഒപ്പു വെക്കാൻ തയാറാണെന്ന്​ ഇറാൻ വിദേശകാര്യ മന്ത്രി ജവാദ്​ ശരീഫ്​ അറിയിച്ചിരുന്നു. ഗൾഫ്​ മേഖലയിൽ അമേരിക്ക വലിയ തോതിലുള്ള പടയൊരുക്കം തുടരുന്ന സാഹചര്യത്തിലാണ്​ സമാധാന ഉടമ്പടിക്ക്​ തയാറാണെന്ന ഇറാന്റെ അഭ്യർഥന. ജി.സി.സി, ഇറാൻ കരാർ രൂപപ്പെട്ടാൽ അമേരിക്കയുടെ സ്വാധീനം ഗൾഫ്​ മേഖലയിൽ ദുർബലമാകുമെന്നും തെഹ്​റാൻ കണക്കുകൂട്ടുന്നു. എന്നാൽ ഇറാന്റെ അഭ്യർഥനയോട്​ ഒരു ഗൾഫ്​ രാജ്യവും ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. പ്രത്യക്ഷമായും പരോക്ഷമായും ഗൾഫ്​ രാജ്യങ്ങളിൽ ഇടപെടുന്ന നിലപാട്​ ഇറാൻ അവസാനിപ്പിക്കാതെ സമാധാനം നടപ്പാകില്ലെന്ന്​ വിവിധ ഗൾഫ്​ മാധ്യമങ്ങൾ അഭിപ്രായപ്പെട്ടു. കുവൈത്ത്​, ഒമാൻ എന്നീ രാജ്യങ്ങളുമായുള്ള നല്ല ബന്​ധം പ്രയോജനപ്പെടുത്തി സമാധാന കരാർ നിർദേശം ജി.സി.സിക്ക്​ സമർപ്പിക്കാനാണ്​ ഇറാന്റെ നീക്കം. എന്നാൽ ഫുജൈറ തീരത്ത്​ നാല്​ കപ്പലുകൾക്കു നേരെ നടന്ന അട്ടിമറി നീക്കത്തിനു പിന്നിൽ ഇറാന്റെ പ്രത്യക്ഷ ഇടപെടൽ തന്നെയുണ്ടെന്ന അമേരിക്കയുടെ വെളിപ്പെടുത്തൽ ജി.സി.സി തെഹ്​റാൻ ബന്ധം വീണ്ടും വഷളാക്കുകയാണ്. ഇറാനെ നാളിതുവരെ അക്രമിക്കാൻ ഒരു ഗൾഫ്​ രാജ്യവും നീക്കം നടത്തിയിട്ടില്ല എന്നിരിക്കെ, പുതിയ കരാർ നിർദേശത്തിന്റെ പ്രസക്​തിയെ തന്നെ ജി.സി.സി ചോദ്യം ചെയ്യുകയാണ്​. ഏതായാലും മക്കയിൽ നടക്കുന്ന അറബ്​, മുസ്​ലിം നേതാക്കളുടെ യോഗത്തിൽ ഇതു സംബന്​ധിച്ച്​ ഔദ്യോഗിക നിലപാട്​ പ്രഖ്യാപനം ഉണ്ടാകും എന്നു തന്നെയാണ്​ സൂചന.