LiveTV

Live

Saudi Arabia

സൗദിയില്‍ നാല് മാസത്തിനിടെ അറുന്നൂറിലധികം ബിനാമി ബിസിനസ്സ് കേസുകള്‍ നിയമ നടപടികള്‍ക്ക് കൈമാറിയതായി വാണിജ്യ-നിക്ഷേപ മന്ത്രാലയം

ദേശീയ പരിവര്‍ത്തന പദ്ധതി 2020ന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന ബിനാമി ബിസിനസ്സ് വിരുദ്ധ പ്രോഗ്രാമിന്റെ ഭാഗമായാണ് നടപടി

സൗദിയില്‍ നാല് മാസത്തിനിടെ അറുന്നൂറിലധികം ബിനാമി ബിസിനസ്സ് കേസുകള്‍ നിയമ നടപടികള്‍ക്ക് കൈമാറിയതായി വാണിജ്യ-നിക്ഷേപ മന്ത്രാലയം

സൗദിയില്‍ നാലുമാസത്തിനിടെ അറുന്നൂറിലധികം ബിനാമി ബിസിനസ്സ് കേസുകള്‍ നിയമനടപടികള്‍ക്ക് കൈമാറിയതായി വാണിജ്യ-നിക്ഷേപ മന്ത്രാലയം. ദേശീയ പരിവര്‍ത്തന പദ്ധതി 2020ന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന ബിനാമി ബിസിനസ്സ് വിരുദ്ധ പ്രോഗ്രാമിന്റെ ഭാഗമായാണ് നടപടി. ബിനാമി ബിസിനസ്സ് സ്ഥാപനങ്ങളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പിഴയുടെ 30 ശതമാനം വരെ പാരിതോഷികം ലഭിക്കും.

ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള നാല് മാസത്തിനുള്ളില്‍ 600ലധികം ബിനാമി ബിസിനസ്സ് കേസുകളാണ് നിയമനടപടികള്‍ക്ക് കൈമാറിയത്. സമാനമായ കേസില്‍ കഴിഞ്ഞ വര്‍ഷം ആകെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തിന് തുല്യമാണിത്.

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ബിനാമി ബിസിനസ്സ് സ്ഥാപനങ്ങള്‍ ദേശീയ സമ്പദ് വ്യവസ്ഥക്ക് പ്രതിവര്‍ഷം 30,000 കോടി മുതല്‍ 40,000 കോടി വരെ റിയാലിന്റെ നഷ്ടമുണ്ടാക്കുന്നുണ്ടെന്നാണ് കണക്ക്. ഇത് അവസാനിപ്പിക്കുന്നതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ട് ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്.

ബിനാമി ബിസിനസ്സ് കേസില്‍ പ്രതികളാകുന്നവര്‍ക്ക് 10 ലക്ഷം റിയാല്‍ വരെ പിഴ, രണ്ട് വര്‍ഷം തടവ്, മാധ്യമങ്ങളില്‍ സ്വന്തം ചിലവില്‍ പേര് വിവരങ്ങള്‍ പരസ്യപ്പെടുത്തല്‍ തുടങ്ങിയ ശിക്ഷകള്‍ ലഭിക്കും. ഇതിന് സഹായകരമാം വിധം പ്രവര്‍ത്തിക്കുന്ന സ്വദേശികള്‍ക്കും സമാനമാണ് ശിക്ഷ. കുറ്റക്കാരെന്ന് കണ്ടെത്തുന്ന വിദേശികളെ നാടുകടത്തുകയും സ്വദേശികള്‍ക്ക് അതേ മേഖലയില്‍ പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും