LiveTV

Live

Saudi Arabia

ഇറാനുമായുള്ള ഏറ്റുമുട്ടൽ; സൗദി ഉൾപ്പെടെയുള്ള ഗൾഫ്​ രാജ്യങ്ങൾക്ക്​ ആധുനിക ആയുധങ്ങൾ ലഭ്യമാക്കുമെന്ന്​ അമേരിക്ക

ഇറാനുമായുള്ള ഏറ്റുമുട്ടൽ;  സൗദി  ഉൾപ്പെടെയുള്ള ഗൾഫ്​ രാജ്യങ്ങൾക്ക്​ ആധുനിക ആയുധങ്ങൾ ലഭ്യമാക്കുമെന്ന്​ അമേരിക്ക

ഇറാനുമായുള്ള ഏറ്റുമുട്ടൽ സാഹചര്യം മുൻനിർത്തി സൗദി അറേബ്യ ഉൾപ്പെടെ ഗൾഫ്​ രാജ്യങ്ങൾക്ക്​ ആധുനിക ആയുധങ്ങൾ ലഭ്യമാക്കുമെന്ന്​ അമേരിക്ക. യു.എസ്​ കോൺഗ്രസിന്റെ അനുമതി കൂടാതെ തന്നെ ഏറ്റവും എളുപ്പത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചാകും വൻതോതിലുള്ള ആയുധവിൽപനയെന്നും ട്രംപ്​ ഭരണകൂടം വ്യക്​തമാക്കി.

സൗദി അറേബ്യക്കു പുറമെ യു.എ.ഇ, ജോർദാൻ എന്നീ രാജ്യങ്ങൾക്കാണ്​ അടിയന്തര സ്വഭാവത്തിലുള്ള ആയുധവിൽപനയെന്ന്​ യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി മൈക്​ പോംപിയോ അറിയിച്ചു. ഗൾഫ്​ മേഖലയിൽ ഇറാന്റെ ഇടപെടലിനെ തുടർന്ന്​ രൂപപ്പെട്ട സാഹചര്യം കണക്കിലെടുത്ത്​ ഒട്ടും കാലവിളംബം കൂടാതെ തന്നെ ആയുധ ലഭ്യത ഉറപ്പാക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. മൊത്തം 8 ബില്യൻ ഡോളറിന്റെ ആയുധങ്ങളാവും ലഭ്യമാക്കുകയെന്നാണ്​ സൂചന. പുതുതായി 1500 സൈനികരെ കൂടി ഗൾഫിൽ വിന്യസിക്കാൻ അമേരിക്ക തീരുമാനിച്ചതിനു തൊട്ടു പിന്നാലെയാണ്​ മേഖലയിലെ മൂന്ന്​ രാജ്യങ്ങൾക്ക്​ ആയുധ ലഭ്യത ഉറപ്പാക്കുന്നത്​. രണ്ട്​ യു.എസ്​ പടക്കപ്പലുകൾ ഗൾഫിൽ ഇതിനകം നിലയുറപ്പിച്ചിട്ടുണ്ട്​. പാട്രിയട്ട്​ മിസൈൽ സംവിധാനവും സജ്ജമാണ്​.

സൗദി, യു.എ.ഇ ജോർദാൻ എന്നീ സഖ്യരാജ്യങ്ങൾക്ക്​ ആയുധം നൽകുന്നതിലൂടെ ഇറാ​ന്റെ ഭാഗത്തു നിന്നുള്ള വെല്ലുവിളി അവർക്ക്​ സ്വന്തം നിലക്കു തന്നെ പ്രതിരോധിക്കാൻ സാധിക്കുമെന്ന്​ പ്രസ്താവനയിൽ മൈക്​ പോംപിയോ വ്യക്​തമാക്കി. മാനദണ്​ഡങ്ങൾ മറികടന്ന്​ മൂന്ന്​ രാജ്യങ്ങൾക്ക്​ വലിയ തോതിൽ ആയുധവിൽപന നടത്തുന്നത്​ അപകടകരമായ സാഹചര്യം ഉണ്ടാക്കുമെന്ന്​ യു.എസ്​ കോൺഗ്രസിലെ ചില അംഗങ്ങൾ എതിർപ്പ്​ ഉന്നയിച്ചെങ്കിലും ട്രംപ്​ ഭരണകൂടം അത്​ തള്ളുകയായിരുന്നു. ആണവായുധം നിർമിക്കാനുള്ള നീക്കത്തിൽ നിന്ന്​ ഇറാനെ എന്തുവില കൊടുത്തും തടയുമെന്ന്​ ട്രംപ്​ കഴിഞ്ഞ ദിവസം മുന്നറിയിപ്പ്​ നൽകിയിരുന്നു.