LiveTV

Live

Saudi Arabia

ഇന്ത്യ-ഗൾഫ്​ ബന്ധത്തില്‍ ശക്തമായ തുടർച്ചയുണ്ടാകുമെന്ന സൂചന പങ്കുവെച്ച്​ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ-ഗൾഫ്​ ബന്ധത്തില്‍ ശക്തമായ തുടർച്ചയുണ്ടാകുമെന്ന സൂചന പങ്കുവെച്ച്​ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ, ഗൾഫ്​ ബന്ധത്തില്‍ ശക്​തമായ തുടർച്ച ഉണ്ടാകുമെന്ന സൂചന പങ്കുവെച്ച്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എ.ഇയിൽ നിന്നുൾപ്പെടെ ഗൾഫ്​ ഭരണാധികാരികളുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ്​ പ്രധാനമന്ത്രി ഇക്കാര്യം വ്യക്​തമാക്കിയത്​. ഗൾഫ്​ മേഖലയിലെ വ്യവസായ പ്രമുഖരും പുതിയ കേന്ദ്രസർക്കാറിൽ പ്രതീക്ഷയർപ്പിക്കുകയാണ്​.

സൗദി ഭരണാധികാരി സൽമാൻ രാജാവ്​, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ സംസാരിച്ചു. വീണ്ടും അധികാരത്തിൽ വന്ന മോദിക്ക്​ വ്യാഴാഴ്​ച ഇരുവരും ഫോണിൽ അഭിനന്ദനം അറിയിച്ചിരുന്നു. യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തുമൂം മോദിക്ക്​ അഭിനന്ദനം നേർന്നു. പിന്നിട്ട അഞ്ചു വർഷത്തിനുള്ളിൽ ഗൾഫ്​ രാജ്യങ്ങളുമായി രൂപപ്പെടുത്തിയ നല്ല ബന്​ധത്തിന്​ ശക്​തമായ മുന്നേറ്റം ഉറപ്പാക്കും എന്നാണ്​ മോദി ഗൾഫ്​ നേതാക്കളെ അറിയിച്ചത്​. എണ്ണ ഉൾപ്പെടെയുള മേഖലകളിൽ ഒപ്പുവെച്ച സുപ്രധാന കരാറുകൾ നടപ്പാക്കുന്നത്​ നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്ക്​ ഏറെ ഗുണം ചെയ്യും. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിലച്ചതോടെ സൗദി, യു.എ.ഇ ഉൾപ്പെടെ ഗൾഫ്​ രാജ്യങ്ങളെ കൂടുതൽ ആശ്രയിക്കേണ്ട സ്ഥിതിയിലാണിപ്പോൾ ഇന്ത്യ. വൈകാതെ തന്നെ മോദി വീണ്ടും ഗൾഫ്​ രാജ്യങ്ങളിൽ സന്ദർശനം നടത്തുമെന്നാണ്​ സൂചന.

അതിനിടെ, ഇന്ത്യൻ വ്യവസായ പ്രമുഖരും മോദിയുടെ രണ്ടാം ഭരണത്തിന്​ പിന്തുണ പ്രഖ്യാപിച്ചു. ​ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന സൗഹൃദ അജണ്ടക്കുള്ള അംഗീകാരമാണ്​ ഇലക്​ഷൻ വിജയമെന്ന്​ ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു. യു.എ.ഇ എക്​സ്​ചേഞ്ച്​ മേധാവി ഡോ. ബി.ആർ. ഷെട്ടി, മലബാർ ഗ്രൂപ്പ്​ ഇൻറർനാഷനൽ സാരഥി ഷംലാൽ അഹമദ്​ , ലുലു ഫൈനാൻഷ്യൽ ഗ്രൂപ്പ്​ എം.ഡി അദീബ്​ അഹ്​മദ്​, ഫാത്തിമ ഹെൽത്ത്​ കെയർ ഗ്രൂപ്പ്​ ചെയർമാൻ ​ഡോ. കെ.പി. ഹുസൈൻ എന്നിവരും മോദിക്ക്​ അഭിനന്ദനം കൈമാറി.