LiveTV

Live

Saudi Arabia

വിപണിയില്‍ എണ്ണ ക്ഷാമം നേരിടുന്നില്ല: സൗദി ഊര്‍ജ മന്ത്രി

ഈ വര്‍ഷം തുടക്കത്തില്‍ ഒപെക് അംഗ രാജ്യങ്ങളും ഒപെക് ഇതര രാജ്യങ്ങളും ചേര്‍ന്ന് എണ്ണയുല്‍പാദനത്തില്‍ കുറവ് വരുത്തിയിരുന്നു 

വിപണിയില്‍ എണ്ണ ക്ഷാമം നേരിടുന്നില്ല: സൗദി ഊര്‍ജ മന്ത്രി

ആഗോള എണ്ണ വിപണിയില്‍ എണ്ണ ക്ഷാമം നേരിടുന്നില്ലെന്ന് സൗദി ഊര്‍ജ മന്ത്രി. എന്നാല്‍ വിപണിയില്‍ എണ്ണയുടെ ലഭ്യത കുറവ് നേരിടുന്ന പക്ഷം ഒപെക് കൂട്ടായ്മ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ജിദ്ദയില്‍ ചേര്‍ന്ന ഒപെക് അംഗരാജ്യങ്ങളുടെയും ഓപെക് ഇതര എണ്ണയുല്‍പാദക രാജ്യങ്ങളുടെയും മന്ത്രിതല സമിതിയില്‍ സംസാരിക്കുകയായിരുന്നു സൗദി ഉര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ്. നിലവില്‍ ആഗോള എണ്ണ വിപണിയില്‍ ലഭ്യത കുറവ് അനുഭവിക്കുന്നില്ലെന്നും ആവശ്യമായ സ്റ്റോക്ക് ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദിനേന വിപണി നിരീക്ഷിച്ചും വിശകലനം ചെയ്തും വരികയാണ്. വിപണിയില്‍ ക്ഷാമം നേരിടുന്ന പക്ഷം ഒപെക് അവസരത്തിനൊത്ത് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഒപെക് തീരുമാനം പുനപരിശോധിക്കുമോ എന്ന ചോദ്യത്തിന് ഞങ്ങള്‍ ശരിയായ സമയത്ത് ശരിയായ തീരുമാനം ഏടുക്കാന്‍ മടി കാണിക്കില്ലെന്നായിരുന്നു ഊര്‍ജ മന്ത്രിയുടെ മറുപടി. ഈ വര്‍ഷം തുടക്കത്തില്‍ ഒപെക് അംഗ രാജ്യങ്ങളും ഒപെക് ഇതര രാജ്യങ്ങളും ചേര്‍ന്ന് എണ്ണയുല്‍പാദനത്തില്‍ കുറവ് വരുത്തിയിരുന്നു. ആറ് മാസത്തേക്ക് പ്രഖ്യാപിച്ച നിയന്ത്രണം ജൂണില്‍ അവസാനിക്കാനിരിക്കെയാണ് മന്ത്രിതലസമിതി ജിദ്ദയില്‍ സമ്മേളിച്ചത്.