LiveTV

Live

Saudi Arabia

ഗൾഫ്​ മേഖലയിൽ പറക്കുന്ന വിമാനങ്ങൾക്ക്​ അമേരിക്കയുടെ ജാഗ്രതാനിർദേശം

ജാഗ്രതാനിർദേശം ഇറാനെതിരെ യു.എസ്​ പടയൊരുക്കം ശക്തമാക്കിയ സാഹചര്യത്തിൽ

ഗൾഫ്​ മേഖലയിൽ പറക്കുന്ന വിമാനങ്ങൾക്ക്​ അമേരിക്കയുടെ ജാഗ്രതാനിർദേശം

ഇറാനെതിരെ യു.എസ്​ പടയൊരുക്കം ശക്​തമായ സാഹചര്യത്തിൽ ഗൾഫ്​ മേഖലയിൽ പറക്കുന്ന വിമാനങ്ങൾക്ക്​ അമേരിക്കയുടെ ജാഗ്രതാനിർദേശം. ഫെഡറൽ ഏവിയേഷൻ അഡ്​മിനിസ്​ട്രേഷനാണ്​ ഇതുസംബന്ധിച്ച നിർദേശം പുറത്തുവിട്ടത്​. ഗൾഫ്​ സമുദ്രത്തിലൂടെയുള്ള കപ്പൽ യാത്രക്കും സുരക്ഷാ ഭീഷണിയുണ്ടെന്നാണ്​ അമേരിക്ക നൽകുന്ന സൂചന.

പുതിയ യുദ്ധ കപ്പലുകളും സന്നാഹങ്ങളും ഗൾഫ്​ തീരത്ത്​ വിന്യസിക്കാനുള്ള യു.എസ്​ നീക്കത്തെ തുടർന്ന്​ ഇറാനും സൈനിക സംവിധാനങ്ങൾ വിപുലപ്പെടുത്തുന്നതായാണ്​ റിപ്പോർട്ട്​. തുറന്ന ഏറ്റുമുട്ടലിലേക്ക്​ കാര്യങ്ങൾ കൈവിട്ടാൽ മേഖലയിൽ വ്യോമ, സമുദ്ര മാർഗമുള്ള സഞ്ചാരം തടസപ്പെടുന്ന സ്​ഥിതി ഉണ്ടാകും. രാഷ്​ട്രീയ സംഘർഷം രൂക്ഷമായിരിക്കെ, മേഖലയിൽ പറക്കുന്ന വിമാനങ്ങൾക്ക്​ കമ്യൂണിക്കേഷൻ രംഗത്തും മറ്റും തടസം നേരിടാനുള്ള സാഹചര്യവും ഫെഡറൽ ഏവിയേഷൻ അഡ്​മിനിസ്​ട്രേഷൻ ഓർമിപ്പിക്കുന്നു. നിലവിലെ സംഘർഷസ്​ഥിതി കൂടി കണക്കിലെടുത്താണ്​ വിമാനങ്ങൾ മതിയായ ജാഗ്രത പുലർത്തണമെന്ന നിർദേശം. പതിറ്റാണ്ടുകൾക്കു മുമ്പ്​ ഇറാൻ, ഇറാഖ്​ യുദ്ധവേളയിൽ മാ​ത്രമാണ്​ ഗൾഫ്​ മേഖലയിൽ പറക്കുന്ന വിമാനങ്ങൾക്ക്​ അമേരിക്ക ജാഗ്രതാ നിർദേശം നൽകിയിരുന്നത്​. എന്നാൽ, വിമാന സർവീസുകളിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന്​ എമിറേറ്റ്​സ്​ എയർലൈൻസ്​ ഉൾപ്പെടെ വിവിധ വിമാന കമ്പനി അധികൃതർ വ്യക്​തമാക്കി.

ഇറാഖിൽ നിന്ന്​ നിർബന്ധമല്ലാത്ത ജീവനക്കാരെ മടക്കി വിളിച്ച അമേരിക്ക ഗൾഫ്​ രാജ്യങ്ങളിലെ തങ്ങളുടെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക്​ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്​. ഇറാനുമായി ചർച്ചക്ക്​ ഒരുക്കമാണെന്ന്​ യു.എസ്​ പ്രസിഡൻറ്​ ട്രംപ്​ വ്യക്​തമാക്കിയിട്ടുണ്ടെങ്കിലും സമവായ നീക്കം വിജയിച്ചിട്ടില്ല. എണ്ണ കപ്പലുകൾക്കും പൈപ്പ്​ ലൈനിനും നേരെ വീണ്ടും ആ​ക്രമണം ഉണ്ടാകുന്ന പക്ഷം ശക്​തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ്​ യു.എസ്​ ഇറാന്​ നൽകുന്ന മുന്നറിയിപ്പ്​.