LiveTV

Live

Saudi Arabia

സാമ്പത്തിക പരിഷ്കരണ നടപടികളുമായി മുന്നോട്ടു പോകാന്‍ ഗൾഫ്​ രാജ്യങ്ങള്‍ക്ക് ​ഐ.എം.എഫ് നിര്‍ദ്ദേശം

നിര്‍ദ്ദേശം ആഗോള വിപണിയിൽ എണ്ണ വില ഉയര്‍ന്നതോടെ  

സാമ്പത്തിക പരിഷ്കരണ നടപടികളുമായി മുന്നോട്ടു പോകാന്‍ ഗൾഫ്​ രാജ്യങ്ങള്‍ക്ക് ​ഐ.എം.എഫ് നിര്‍ദ്ദേശം

ആഗോള വിപണിയിൽ എണ്ണവില ഉയർന്നെങ്കിലും സാമ്പത്തിക പരിഷ്കരണ നടപടികൾ ശക്​തമായി തന്നെ മുന്നോട്ടു കൊണ്ടു പോകണമെന്ന്​ ഗൾഫ്​ രാജ്യങ്ങ​ളോട് ഐ.എം.എഫ്​ ആവശ്യപ്പെട്ടു. അധികവരുമാനം ഉറപ്പാക്കിയും സർക്കാർ വക ചെലവുകൾ നിയന്ത്രിച്ചും സാമ്പത്തിക വളർച്ച നിലനിർത്തണമെന്നാണ്​ നിർദേശം.

ആദ്യമായ മൂല്യവർധിത നികുതി ഏർപ്പെടുത്തിയ സൗദി, യു.എ.ഇ രാജ്യങ്ങളുടെ നടപടി ഏറെ ഗുണകരമായെന്ന്​ ഐ.എം.എഫ്​ വിലയിരുത്തി. എന്നാൽ വാറ്റ് നിരക്ക് വർധിപ്പിക്കണമെന്ന് യു.എ.ഇയോടും സൗദിയോടും ഐ.എം.എഫ് ആവശ്യപ്പെടുകയും ചെയ്​തു. ജി.സി.സി രാജ്യങ്ങളുമായി ചർച്ചകൾ നടത്തിയാണ്​ ഇത്തരമൊരു നിർദേശം ​ഐ.എം.എഫ്​ നൽകിയിരിക്കുന്നതും. വാറ്റ് വിജയകരമായി നടപ്പാക്കിയെന്ന കാര്യത്തിൽ ഐ.എം.എഫി നും എതിർപ്പില്ല. എന്നാൽ അഞ്ചു ശതമാനം എന്ന വാറ്റുനിരക്ക്​ രാജ്യാന്തര തലത്തിൽ ഏറ്റവും കുറവാണെന്ന നിലപാടാണ്​ ഐ.എം.എ​ഫിനുള്ളത്​.

സൗദിയിൽ തൊഴിലവസരങ്ങൾ വർധിക്കാനും സൗദി പൗരന്മാർ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനും ചില നിർദേശങ്ങൾ കൂടി ഐ.എം.എഫ് മുന്നോട്ടു വെച്ചു. പ്രവാസികളായ ജീവനക്കാരെ വിവിധ കമ്പനികളിൽ മാറി മാറി ജോലി ചെയ്യാൻ അനുവദിക്കണമെന്ന നിർദേശവും ഇതിലുൾപ്പെടും. അതിലൂടെ അവരുടെ ശമ്പളത്തിൽ വർധനയുണ്ടാകുമെന്നും സമ്പദ്​ഘടനക്ക്​ പരോക്ഷമായി അതു ഗുണം ചെയ്യുമെന്നും ഐ.എം.എഫ്​ ചൂണ്ടിക്കാട്ടി. സ്വദേശി, വിദേശി വേതനത്തിലുള്ള നിലവിലെ വലിയ അപാകത കുറക്കണം എന്നതാണ്​ മറ്റെരു നിർദേശം.