ഗൾഫ് മേഖലയിലെ സംഘർഷം; രമ്യമായ ചർച്ചകളിലൂടെ പ്രശ്നപരിഹാരം വേണമെന്ന ആവശ്യം ശക്തമാകുന്നു

ഗൾഫ് മേഖലയിൽ സംഘർഷം മൂർഛിക്കുന്നതിനിടെ, രമ്യമായ ചർച്ചകളിലൂടെ പ്രശ്നപരിഹാരം വേണമെന്ന ആവശ്യം ശക്തമാകുന്നു. സ്ഥിതിഗതികൾ സങ്കീർണമാകുന്നത് ആർക്കും ഗുണം ചെയ്യില്ലെന്ന് യു.എ.ഇ വ്യക്തമാക്കി. ഇറാനുമായി ചർച്ചക്ക് തയാറാണെന്ന യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയും പ്രതീക്ഷ പകരുന്നതാണ്.
യു.എസ് പടക്കപ്പലുകൾ ഗൾഫ് തീരത്ത് വിന്യസിക്കുകയും പാട്രിയട്ട് മിസൈൽ സംവിധാനം ഏർപ്പെടുത്തുകയും ചെയ്യുന്നതിനിടെയാണ് ഗൾഫ് സംഘർഷത്തിൽ അയവ് വരുത്താൻ ചർച്ചകളുടെ പാത സ്വീകരിക്കണം എന്ന അഭിപ്രായത്തിന് പ്രാമുഖ്യം ലഭിക്കുന്നത്. കൂടുതൽ സൈനികരെ ഗൾഫിലേക്ക് അയക്കുമെന്ന വാർത്തകൾ ട്രംപ് നിഷേധിക്കുകയും തെഹ്റാനുമായി ചർച്ചക്ക് സന്നദ്ധത അറിയിക്കുകയും ചെയ്തത് നല്ല നീക്കമായാണ് വിലയിരുത്തുന്നത്. എന്നാൽ വൻശക്തി രാജ്യങ്ങളുമായി ആണവ കരാറിൽ ഇനി ചർച്ചയില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ. കപ്പലുകൾക്കു നേരെ നടന്ന അട്ടിമറി നീക്കം ഗൾഫ് രാജ്യങ്ങളിൽ പ്രതിഷേധം രൂപപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തുറന്ന ഏറ്റുമുട്ടൽ മേഖലയുടെ താൽപര്യങ്ങൾക്ക് ഗുണം ചെയ്യില്ലെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗാർഗാശ് പറഞ്ഞു. മറ്റു ഗൾഫ് രാജ്യങ്ങളും ചർച്ചയിലൂടെ പ്രശ്നപരിഹാരം വേണമെന്ന നിലപാടിലാണ്.
ഗൾഫ് മേഖലയിൽ ഏറ്റുമുട്ടൽ രൂക്ഷമാകുന്നത് ആർക്കും ഗുണം ചെയ്യില്ലെന്ന് കരുതുന്നവരാണ് കൂടുതൽ. സാമ്പത്തികമായി ലോകം കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യമാകും സംഘർഷത്തിലൂടെ ടെ രൂപപ്പെടുകയെന്ന് സാമ്പത്തിക വിദഗ്ധരും വ്യക്തമാക്കുന്നു.
Adjust Story Font
16