LiveTV

Live

Saudi Arabia

മക്കയില്‍ ഉംറക്കെത്തി കുടുങ്ങിയ എണ്‍‌പത്തി നാല് മലയാളി തീര്‍ഥാടകരില്‍ ചിലരുടെ പാസ്പോര്‍ട്ടുകള്‍ തിരികെ ലഭിച്ചു

മക്കയില്‍ ഉംറക്കെത്തി കുടുങ്ങിയ എണ്‍‌പത്തി നാല് മലയാളി തീര്‍ഥാടകരില്‍ ചിലരുടെ പാസ്പോര്‍ട്ടുകള്‍ തിരികെ ലഭിച്ചു

മക്കയില്‍ ഉംറക്കെത്തി കുടുങ്ങിയ എണ്‍‌പത്തി നാല് മലയാളി തീര്‍ഥാടകരില്‍ ചിലരുടെ പാസ്പോര്‍ട്ടുകള്‍ തിരികെ ലഭിച്ചു. ഇവരെ നാട്ടിലെത്തിക്കാനുള്ള ടിക്കറ്റുകള്‍ റദ്ദാക്കില്ലെന്ന് എംബസിയില്‍ നിന്ന് ഉറപ്പ് ലഭിച്ചതായും തീര്‍ഥാടകര്‍ പറഞ്ഞു. ബുധനാഴ്ച ആദ്യ സംഘത്തെ നാട്ടിലേക്ക് തിരിച്ചയക്കും. മീഡിയവണ്‍ വാര്‍ത്തക്ക് പിന്നാലെ ഹജ്ജ്-ഉംറ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടിരുന്നു.

പാലക്കാട് മണ്ണാര്‍ക്കാടുള്ള ഗ്ലോബല്‍ ഗെയ്ഡ് ട്രാവല്‍സിന് കീഴില്‍ വന്ന തീര്‍ഥാടകരാണ് ഹോട്ടല്‍ തുകയും യാത്രാ ടിക്കറ്റ് തുകയും ഏജന്റ് അടക്കാതിരുന്നതോടെ മക്കയില്‍ കുടുങ്ങിയത്. വാര്‍ത്തക്ക് പിന്നാലെ വഞ്ചിക്കപ്പെട്ടവര്‍ക്ക് വേണ്ട സൗകര്യമൊരുക്കാന്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സൗദിയിലെ ഏജന്റിനെ വിളിച്ചു വരുത്തി. ഇതോടെ ഹോട്ടലില്‍ നിന്ന് പുറത്താകുമെന്ന ഘട്ടത്തിലെത്തിയവര്‍ ഇവിടെ തന്നെ തുടരുകയാണ്.

മദീനയിലേക്കുള്ള തീര്‍ഥാടകരുടെ യാത്ര സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുയാണ്. മുഴുവന്‍ തുകയും അടച്ചതിനാല്‍ ഇനിയും കാശടക്കാനാകില്ലെന്ന നിലപാടിലാണ് തീര്‍ഥാടകര്‍. ഹോട്ടല്‍ തുകയും മടക്ക യാത്രാ ടിക്കറ്റ് തുകയും അടക്കാതെ ട്രാവല്‍സുകാര്‍ മുങ്ങിയതോടെയാണ് തീര്‍ഥാടകര്‍ മക്കയില്‍ പെട്ടത്. മന്ത്രാലയം ഇടപെട്ടതിനാല്‍ മടക്ക യാത്ര കൃത്യ സമയത്ത് നടത്താനാകുമെന്ന പ്രതീക്ഷയിലാണിവര്‍.