LiveTV

Live

Saudi Arabia

മസ്ജിദുൽ ഹറമിലെ നോമ്പ് തുറ വിഭവ വിതരണം; ആശയ പ്രചരണങ്ങള്‍ നടത്തരുതെന്ന് മുന്നറിയിപ്പ്

വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ നടപടി

മസ്ജിദുൽ ഹറമിലെ നോമ്പ് തുറ വിഭവ വിതരണം; ആശയ പ്രചരണങ്ങള്‍ നടത്തരുതെന്ന് മുന്നറിയിപ്പ്

മക്കയിലെ മസ്ജിദുൽ ഹറമിൽ നോമ്പ് തുറ വിഭവങ്ങൾ വിതരണം ചെയ്യുന്നവര്‍ ഇതിന്റെ മറവില്‍ ആശയ പ്രചരണങ്ങള്‍ നടത്തരുതെന്ന് മുന്നറിയിപ്പ്. വിഭവങ്ങൾ വിതരണം ചെയ്യുന്നതിന് പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തിയതായി ഹറം കാര്യ വകുപ്പ് മേധാവി അറിയിച്ചു. വ്യവസ്ഥകൾ ലംഘിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കും.

നോമ്പ് തുറ വിഭവങ്ങൾ വിതരണം ചെയ്യുന്നവർ തങ്ങളുടെ ആശയപ്രചരണങ്ങൾക്കോ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കോ വേണ്ടി അതിനെ ഉപയോഗപ്പെടുത്തരുത്. നോട്ടീസുകൾ, ലഘുലേഖകൾ തുടങ്ങിയവയും വിതരണം ചെയ്യാൻ അനുവാദമില്ല. വിശ്വാസികൾക്ക് പ്രായാസമുണ്ടാക്കുന്ന തരത്തിൽ നടവഴിയിലും മറ്റുമായി വിഭവങ്ങൾ വിതരണം ചെയ്യുന്നതിനും വിലക്കുണ്ട്. വിലക്ക് ലംഘിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുമെന്നും ഹറം കാര്യ വകുപ്പ് മേധാവി ഡോ. അബ്ദുൾറഹ്മാൻ അൽസുദൈസ് അറിയിച്ചു. റമദാനിലെ തിരക്ക് പരിഗണിച്ചു തീർത്ഥാടകർക്ക് സേവനങ്ങൾ നൽകുന്നതിനായി മസ്ജിദുൽ ഹറമിൽ 140 പുതിയ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. തീർത്ഥാടകരുടെ സേവനത്തിനായി പ്രത്യേക പരിശീലനം നൽകിയ 10,000 ത്തോളം ജീവനക്കാരെ പുതുതായി നിയമിച്ചു. പുതിയ വികസനത്തിന്റെ ഭാഗമായി മതാഫിൽ മണിക്കൂറിൽ 1,07,000 പേർക്ക് ഒരേ സമയം ത്വവാഫ് ചെയ്യാൻ സാധിക്കും. ഹറമിനകത്ത് ഒരേ സമയം 10 ലക്ഷം പേർക്ക് നമസ്കാരത്തിനും സൗകര്യമുണ്ട്. വിവിധ വലുപ്പത്തിലും നിരവധി ഭാഷകളിലെ വിവർത്തനമടക്കം 10 ലക്ഷം ഖുർആൻ കോപ്പികൾ, മതകാര്യ വിഷയങ്ങളിലെ സംശയ ദുരീകരണത്തിനായി 46 പണ്ഡിതന്മാർ, 10 ഭാഷകളിലേക്ക് വിവർത്തനത്തോടെ 679 മതപഠന ക്ലാസുകൾ, ആവശ്യക്കാർക്കായി 5 ലക്ഷം ശ്രവണ സഹായികൾ തുടങ്ങിയവയും ഹറമിലൊരുക്കിയിട്ടുണ്ട്.